(1) പുസ്തകം പോലേതൊരു
വന്‍തോണിയുണ്ടു നമ്മെ-
യക്കരെയെത്തിക്കുവാന്‍?
ത്രസിച്ചു തുടിക്കുന്ന
കവിതത്താളുപോലേതൊരു
പടക്കുതിരയുണ്ടിവിടെ?
ഏതൊരേഴയ്ക്കും
പോകാമിങ്ങനെ ദൂരേയ്ക്കുദൂരം
കൈമടക്കേതുമില്ലാതെ
എത്ര നശ്വരം
ഈ പെരുംരഥം
മനുഷ്യാത്മാവിന്‍
തല്‍ക്കാലമിരിപ്പിടം!
(2) ദീര്‍ഘദൃഷ്ടിക്കണ്ണില്‍
ദൈവികപ്പൊരുള്‍പോല്‍ ഭ്രാന്ത്
ആത്മനിഷ്ഠയ്ക്കിന്നെന്‍
ഇരുട്ടാഴത്തിര ഭ്രാന്ത്
ഏറിയകൂറും സാക്ഷി-
അതിജീവനം സത്യം
വിളംബം വരുത്താതെ
പറക്കൂ… ഉയരൂ…
ന്യായബോധത്തിന്‍ ചിറകാല്‍
അനര്‍ത്ഥമെന്നോതിയാരോ
ചങ്ങലയ്ക്കിട്ടു മെരുക്കാന്‍
വരുന്നുണ്ട്… വരുന്നുണ്ട്… !
(3) വെറുക്കുവാന്‍
സമയമേയില്ലപോലും
ശവമാടം വിലക്കുമെങ്കിലും
മതിയാവില്ലെന്റെ പ്രാണനില്‍
വെറുപ്പിനോ ഇടമില്ല.
വെറുക്കുവാന്‍
സമയമേയില്ലപോലും…
ഭാരമേന്തും മട്ടിലാസ്നേഹ-
ത്തൂവല്‍ താങ്ങിടാനാകാതെ
ഞാന്‍ കുഴഞ്ഞിടുന്നു!
(4) ഓരോ അതിന്ദ്രീയ നിമിഷത്തിനും
നാം വേപഥോന്മാദം പകരം പറയവേ
പ്രാണത്തുണീരത്തിനാകെ-
യനുപാത തീവ്രതയില്‍
നിന്നിതാ തളിര്‍ക്കുന്നു നിര്‍വൃതി
ആണ്ടുകള്‍ പെറ്റിട്ട ഭിക്ഷാന്നമായി
പ്രേമം ആര്‍ദ്രസമയങ്ങളില്‍ പൂത്തു.
കഠോരകലഹം മറന്നിട്ടുമിന്നെന്‍
ശവപേടകം കണ്ണുനീരില്‍ മുങ്ങിമറയുന്നു.
(5) വന്യരാത്രികള്‍.…വന്യരാത്രികള്‍
ഞാന്‍ നിന്നോടൊത്തുണ്ടായിരുന്നോ?
വന്യരാത്രികള്‍… വന്യരാത്രികള്‍
നമ്മുടെ അമിതേച്ഛയായിരുന്നോ ?
കാറ്റാറാടിയതു വെറുതെയോ
നിന്റെ ഹൃദയാലിംഗനത്തില്‍
ഞാനാ സീമകളറിഞ്ഞിട്ടില്ല
പരിധികളറിഞ്ഞിട്ടില്ല.
ഏദനിലലഞ്ഞും
സമുദ്രത്തിലുലഞ്ഞും
ഈ രാത്രി ഞാന്‍
നിന്നില്‍ നങ്കൂരമിടുന്നു!