Site icon Janayugom Online

ജീവനകലയുടെ കവിത

6 ezh

ലത്തുമ്പിലെ ജലബിന്ദുവിൽ മുഖം നോക്കുന്ന പ്രകൃതിയുടെ മനസു മുതൽ അപരിമേയ പ്രപഞ്ചത്തിലെങ്ങാണ്ട് അടക്കം ചെയ്ത ഭൂമിയെന്ന നീലപ്പൊട്ടുവരെ (Pale blue Dot) നീളുന്ന സൂക്ഷ്മാംശങ്ങളെ ഒപ്പിയെടുത്ത, കവിതയുടെ ആകാശ പേടകമാണ് ശ്രീകൃഷ്ണദാസിന്റെ ‘ആറെഴുന്നേറ്റു’ എന്ന കവിതാസമാഹാരം. ഇന്നിന്റെ അഴലുകൾ മായ്ച്ച് തോൾ മുറുക്കുന്ന ചിരപുരാതന സൗഹൃദമാണ് ഇക്കവിയുടെ രാഷ്ട്രീയം. ഈ രചനകളെ ഞാൻ ജീവനകലയുടെ അടിസ്ഥാന ലക്ഷണങ്ങളായ പൂവിടൽ, ജലപ്പകർച്ച, യാത്രകൾ, പ്രതീക്ഷയുടെ സ്റ്റേഷനുകൾ എന്നീ കള്ളികളിലേക്ക് തരം തിരിക്കാൻ ധൈര്യപ്പെടുകയാണ്.
അനുവാചകനെ ക്ലിഷ്ടമായ ബിംബപ്പകർച്ചകളിൽപ്പെടുത്താത്ത ആ വരികൾ വായിക്കുമ്പോൾ അമൃതകുംഭം വഹിച്ചെത്തുന്ന വൈനതേയന്റെ ചിറകൊച്ചയാണ് കേൾക്കുന്നത്. ജഡത്വത്തിൽ നിന്ന് വിമോചിതമാകുന്ന പൂവിന്റെ ഇതൾപ്പടർച്ചയാണെങ്ങും. മണ്ണടിഞ്ഞ പനീർപൂവ് നാളെയൊരു വേള കല്പ ദ്രുമത്തിന്റെ കൊമ്പിൽ വിടരുമെന്നാശിച്ച പ്രിയ കവിയെപ്പോലെ ഇക്കവിയും പ്രതീക്ഷാ നിർഭരനാകുന്നു. കൊല്ലാൻ വെച്ചതിനെയൊക്കെ കൊല്ലിയും പൂവുമാക്കി ആഘോഷിക്കുന്നു. ഹിംസയുടെ വർത്തമാനകാല താഴ് വാരത്തിൽ അറിയാതെ അചിരേണ പൂത്ത പന്ത്രണ്ടുവർഷപ്പൂ പോലെ വായനക്കാരനും അതാഘോഷിക്കുമെന്നുറപ്പാണ്.
“വേരോടു കൂടി ഒരു പിടി മണ്ണിങ്ങു തരണം
പകരം പൂവിടാതിരിക്കില്ല ഞാൻ, നിനക്കായ്…”

ദെണ്ണപ്പൊക്കത്തിന്റെ ആധിയിലും വേവിലും ഉരുകുമ്പോഴും കവിയ്ക്ക് പൂവിടലോർക്കാതിരിക്കാനാവുന്നില്ല. പൂക്കാനുള്ളതെല്ലാം പൂത്തു തീർക്കാൻ കവി കാംക്ഷിക്കുന്നുയ വിഷുക്കൊന്നയോടെന്നപോലെ കാണുന്നവരാടൊക്കെയും പറയുന്നു.
സൂര്യൻ, കുടകപ്പാലപ്പൂവു പോലെ തണുക്കട്ടെയെന്നും കവിയാശിയ്ക്കുന്നു.
പൂവും, പൂവള്ളിയും കൊണ്ട് പ്രാന്തൻ കണ്ടൽപോലെ പ്രകൃതിയെ കൊരുത്തു പിടിക്കുന്ന കവിയുടെ പ്രമുഖ സങ്കേതം ജലരാശിയാണ്. ഒരേ നിലയും നിലപാടും സൂക്ഷിക്കാനുള്ള വ്യഗ്രത, ഉൾസ്പർശക്ഷമതയാർന്ന ആർദ്രത, പിപാസുവിന്റെ എക്കാലത്തെയും സ്വപ്നം, പ്രളയരൂപിയായ കാലം എന്നീ ജല യാഥാർത്ഥ്യങ്ങളുടെ ഉരുവം കൊള്ളലാണ് ഈ പുസ്തകത്തിലെ നിക്ക കവിതകളിലും. സൃഷ്ടി മുതൽ സമഷ്ടി വരെയുള്ള രംഗങ്ങൾക്ക് സമർത്ഥമായി പടം വരച്ചു കൊടുക്കാൻ ജലച്ചായബിംബങ്ങൾക്കല്ലാതെ ആർക്കാണ് കഴിയുന്നത്? ഈ തിരിച്ചറിവിന്റെ സമർത്ഥമായ ആവിഷ്ക്കാരമാണ് കവി നടത്തുന്നത്. ജലകേളികൾ നിറഞ്ഞ ബാല്യകൗമാരങ്ങൾ ഉള്ള ഒരുവനെന്ന നിലയ്ക്ക് എനിക്ക് നദിയുടെ രീതിശാസ്ത്രങ്ങൾ ഹൃദിസ്ഥമാണ്. കടവുകളുടെ നിലപാടുകളും, ആറിന്റെ അങ്കലാപ്പും മുൻകൂട്ടി വായിച്ചറിയാം. സത്രക്കടവ് മുങ്ങി, അത്തിമൂട് പ്രച്ഛന്നവേഷമിട്ടടിയൊഴുക്കുന്നേരം ഞങ്ങൾ പറയും ഇന്നു രാത്രി അവളുടെ വരവുണ്ടാകും. കിഴക്കൻ പെരുക്കത്തിൻ്റെ കലക്കലും പിഴിച്ചിലും കൂട്ടി അവൾ കൃത്യമായെത്തും. അകമ്പടിക്ക് കടപുഴക്കിയെടുത്ത മരങ്ങളും പൂവും കായും, ചിലപ്പൊഴൊക്കെ ചിന്നം വിളിച്ച് അടർത്തിയെടുത്ത വീടുകളും കുടിപ്പാർപ്പുകൾ പോലും കൂടെക്കാണും. അങ്ങനൊരാറു വരവാണ് ‘ആറെഴുന്നേറ്റു’ എന്ന കവിത.
ആറെഴുന്നേറ്റു, വഞ്ചിമുടി പാറി,
ആറാട്ടു കൈവഴി പിടിച്ചെടുത്തു
വാകമരപ്പൂങ്കൊമ്പ് ചാടിപ്പിടിച്ചു,
ചാട്ടത്തിലഞ്ചാറു വീടിറുന്നു.
ഒരു വീടു പിഴുതെടുത്താറ്
അതിനുണ്ട് ഇടയ്ക്കത്തുടിപ്പുമായ്
കടുങ്കെട്ടഴിയാക്കെട്ട്…

ആറിന്റെ വന്യത ഞാൻ 2018‑ൽ നേരിട്ടറിഞ്ഞതാണ്. ‘സുലളിതപദവിന്യാസ’യായിരുന്ന ഞങ്ങളുടെ പമ്പ ഭ്രാന്തെടുത്തു മക്കളെ ആട്ടിയോടിച്ചു. വീടിറുത്തു. നാടലങ്കോലപ്പെടുത്തി. നഗരപഥങ്ങളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ജലരഥമുരുട്ടി മാർച്ചുപാസ്റ്റു നടത്തി. എന്റെ മാതാപിതാക്കളുടേതായി ഞാൻ സൂക്ഷിച്ചു വെച്ച ചിലതൊക്കെ പ്രളയാന്ധകാരത്തിൽ എന്നേക്കുമായി ഒളിപ്പിച്ചു വെച്ചു. ശമനമില്ലാത്ത ആധിയുടെ ദ്വീപിൽ, ഏറെ തളച്ചിട്ടു. എന്നിട്ടും വെറുക്കാനാവുന്നതല്ല ജലവും തുഷ്ടിയും തരുന്നവളെ. കവിയതു സൂക്ഷ്മമായി ആവിഷ്ക്കരിക്കുന്നുണ്ട് ഇപ്പുസ്തകത്തിലാകെ.
‘ആറിറങ്ങി, വിശപ്പടങ്ങി
നീണ്ടു നിവർന്നു കിടന്നാറ്
ആകാശം വാരിപ്പുതച്ചാറ്
ആയിരം കൊള്ളിമീൻ
കൊളുത്തി സ്ഫുരിച്ചാറ് ‘- ആറെഴുന്നേറ്റു
അമ്മമയമെന്ന കവിത നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും.
‘അമ്മ പോൽ മങ്ങും ചന്ദ്രനിൽ
വാവുവാരിത്തേച്ചിരുട്ട്
പേരയിൽ ചിറകുടക്കും
പക്ഷി — അമ്മയെന്നു, മകൻ
പേരറിയാപ്പൂവ്, പുനർനവ
മാറാമ്പു, താറാവു, തുമ്പ
സ്തംഭിച്ചിരുന്ന തുമ്പികൾ
ഏതൊന്നിലുമുണ്ടാകുമമ്മ’

ഈ വരിവായിച്ചിട്ട് പുറമേക്ക് നോക്കവെ, വിജനമാം തെരുവിൻമുടിയിൽ തെരുപ്പിടിച്ചിരിപ്പുണ്ട് ദ്വാദശിച്ചന്ദ്രന്റെ വിരലുകൾ! അതിനെന്റെയമ്മയുടെ വിരൽച്ഛായ
ഞാൻ കാണാത്ത ഒരു കവി തന്റെ വാങ്മയചിത്രങ്ങൾ കൊണ്ട് എന്നെ അമ്മയെക്കാട്ടുകയാണ്. കവിതയുടെ സാഫല്യമാണത്! !
പച്ചയും, പരിഭവവും, പൂക്കളും, ഊർജ്ജസ്വലതയും പകർന്നാടുന്ന ഈ കവിതകൾ പ്രകൃതിയുടെ ഭാവ പൂർണിമ തന്നെയാണ്. ഏത് ആഗോളതാപനത്തിൽ പെട്ടാലും പെയ്യാതിരിക്കാനും പൂക്കാതിരിക്കാനും കഴിയാത്ത ഒന്ന്! 

ആറെഴുന്നേറ്റ്
(കവിത)
ശ്രീകൃഷ്ണദാസ്
ഗ്രീൻ ബുക്സ്
വില: 235 

Exit mobile version