മോഷ്ടാവ് കവർന്ന സൈക്കിളിന് പകരം വിദ്യാർത്ഥിനിക്ക് പുതിയ സൈക്കിൾ വാങ്ങി നൽകി എടത്വാ പൊലീസ് ഉദ്യോഗസ്ഥർ മാതൃകയായി. പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്ക്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിനിയുടെ സൈക്കിളാണ് ഒരാഴ്ചയ്ക്ക് മുൻപ് മോഷ്ടാവ് കവർന്നത്. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററിലേറെ ദൂരം സ്കൂളിലേയ്ക്ക് സൈക്കിളിൽ സഞ്ചരിച്ചാണ് വിദ്യാർത്ഥിനി സ്കൂളിൽ എത്തിയിരുന്നത്. നിർധന കുടുംബത്തിലെ രക്ഷിതാക്കൾ ഏറെ ബുദ്ധിമുട്ടി മകൾക്ക് വാങ്ങിയ സൈക്കിളാണ് മോഷണം പോയത്. സൈക്കിൾ മോഷണം പോയതിനെ തുടർന്ന് വിദ്യാർത്ഥിനിയും മതാപിതാക്കളും എടത്വാ പോലീസിൽ പരാതിപ്പെട്ടിരുന്നു.
എടത്വാ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് എടത്വാ എസ്ഐ റിജോയുടെ നേതൃത്വത്തിൽ സിഐ എം അൻവർ, എസ്ഐ രാജേഷ്, സിപിഒ ശ്രീരാജ് എന്നിവർ ചേർന്ന് വിദ്യാർത്ഥിനിക്ക് പുതിയ സൈക്കിൾ വാങ്ങി നൽകിയത്. പുതിയ സൈക്കിൾ നൽകിയെങ്കിലും അന്വേഷണം തുടരുകയും മോഷ്ടാവിനെ പിടികൂടുകയും ചെയ്യുമെന്ന് പൊലീസ് ഉറപ്പു നൽകി. പുതിയ സൈക്കിൾ കിട്ടിയ സന്തോഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വിദ്യാർത്ഥിനിയും കുടുംബവും നന്ദി പറഞ്ഞു.