ഏറ്റുവാങ്ങാൻ ആരും എത്താതിരുന്നതിനെ തുടർന്ന് ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി മതാചാര പ്രകാരം സംസ്കരിച്ച മുനമ്പം പൊലീസിന്റെ നടപടിക്ക് സോഷ്യൽ മീഡിയയിലടക്കം പ്രശംസ. തുടക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെന്നു കരുതിയ ആൾ മറ്റൊരു രാാജ്യക്കാരനെന്ന് വ്യക്തമായതോടെ നടപടികൾ പൂർത്തിയാക്കാൻ വേണ്ടി മാത്രം 21 ദിവസം വേണ്ടി വന്നു.
കഴിഞ്ഞ മാസം 20ന് ചെറായി രക്തേശ്വരി ഭാഗത്ത് മതിൽ നിർമ്മാണത്തിനെത്തിയ സഹിദുൾ ഇസ്ലാമാണ് (41) കുഴഞ്ഞു വീണു മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് ഇയാളെ ജോലിക്കായി വിളിച്ച വീട്ടുകാർ പറഞ്ഞതെങ്കിലും മേൽവിലാസം വ്യക്തമാവുന്ന കൃത്യമായ രേഖകൾ കിട്ടാതെ വന്നതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സഹിദുൾ രാജ്യത്തിനു പുറത്തു നിന്ന് നുഴഞ്ഞുകയറി കേരളത്തിൽ ജോലിക്കെത്തിയ ആളാണെന്ന് വ്യക്തമായി. അതോടെ പൊലീസ് എംബസിയുമായി ബന്ധപ്പെട്ടു. എംബസി അധികൃതർ നടത്തിയ അന്വേഷണത്തിൽ ആൾ ബംഗ്ലാദേശുകാരനാണെന്ന് ഉറപ്പായി.
എന്നാൽ പിന്നീട് എംബസിയിൽ നിന്നും മറുപടി കിട്ടാതായതോടെ മുനമ്പം പൊലീസിന് മുന്നോട്ടുപോകാനായില്ല.
ഇതിനിടെ മുനമ്പം ഡിവൈഎസ്പി എം കെ മുരളി പ്രത്യേക താല്പര്യം എടുത്ത് സഹിദുള്ളിന്റെ ബംഗ്ലാദേശിലെ വീട്ടു വിലാസത്തിലേക്ക് കാര്യങ്ങൾ വിവരിച്ച് കത്തയച്ചു.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള പണം ഇല്ലന്നും മുസ്ലിം മതാചാര പ്രകാരം സംസ്കരിക്കണമെന്നുമായിരുന്നു മറുപടി കത്തിലെ ഉള്ളടക്കം. ഇക്കാര്യം ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. പ്രത്യേക സാഹചര്യത്തിൽ കുടുംബത്തിന്റെ ആഗ്രഹം നടത്തി കൊടുക്കാൻ റൂറൽ എസ്പി അനുമതി നൽകി. ഒടുവിൽ കഴിഞ്ഞ ദിവസം പൊലീസ് തന്നെ മുൻകൈയെടുത്ത് മതാചാര പ്രകാരം മൃതദേഹം കബറടക്കാൻ തീരുമാനിക്കുകയായിരുന്നു.