Site iconSite icon Janayugom Online

അഭിഭാഷകന്റെ പണപ്പിരിവ്‌; നിയമോപദേശം തേടി

ജഡ്‌ജിക്ക്‌ നൽകാനെന്ന പേരിൽ അഭിഭാഷകന്‍ പണപ്പിരിവ്‌ നടത്തിയ സംഭവത്തിൽ പൊലീസ്‌ മേധാവി നിയമോപദേശം തേടി. കൊച്ചി പൊലീസ്‌ കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നിയമോപദേശത്തിനുള്ള തീരുമാനം. ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസിനെതിരെ അഴിമതി നിരോധന നിയമത്തിലെ ഏഴ്‌ (എ) വകുപ്പനുസരിച്ച്‌ കേസെടുക്കാമെന്ന്‌ കൊച്ചി പൊലീസ്‌ മേധാവി റിപ്പോർട്ട്‌ നൽകിയിരുന്നു. 

അഭിഭാഷകനായ വ്യക്തിക്കെതിരെ അഴിമതി നിയമ പ്രകാരം കേസെടുക്കുന്നതിൽ വ്യക്തത വരുത്താനാണ്‌ നിയമോപദേശം തേടിയിരിക്കുന്നത്‌. സംസ്ഥാന പൊലീസ്‌ മേധാവി അനിൽ കാന്തിന്റെ നിർദേശപ്രകാരമാണ്‌ കൊച്ചി പൊലീസ്‌ കേസ്‌ അന്വേഷിച്ചത്‌. ജഡ്ജിക്ക്‌ നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്ന്‌ പണം വാങ്ങുകയായിരുന്നു. ഒരു സിനിമാ നിർമാതാവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം വാങ്ങി നൽകാൻ 25 ലക്ഷം രൂപ വാങ്ങിയെന്നാണ്‌ ഇയാൾക്കെതിരെ ഉയർന്ന ആരോപണം. 

ജഡ്‌ജിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി രജിസ്ട്രാർ പൊലീസ്‌ മേധാവിക്ക്‌ കത്ത്‌ നൽകിയിരുന്നു. അഭിഭാഷക ഫീസായാണ്‌ പണം വാങ്ങിയതെന്നാണ്‌ പ്രാഥമികാന്വേഷണം നടത്തിയ പൊലീസ്‌ സംഘത്തിന്‌ സൈബി ജോസ്‌ നൽകിയ മൊഴി. ഇത്‌ വിശ്വാസത്തിലെടുക്കാൻ പൊലീസ്‌ തയ്യാറായില്ല. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഇദ്ദേഹത്തിനെതിരെ ബാധകമാണെന്നാണ്‌ സിറ്റി പൊലീസ്‌ മേധാവി നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്‌തത്‌.

You may also like this video

Exit mobile version