Site iconSite icon Janayugom Online

ചണ്ഢീഗഡ് ചലോ മാര്‍ച്ച് ഇന്ന് തുടങ്ങാനിരിക്കെ നേതാക്കളെ തടങ്കലിലാക്കി പൊലീസ്

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള ചണ്ഢീഗഡ് ചലോ മാര്‍ച്ച് അട്ടിമറിക്കാനായി പഞ്ചാബിലെ സര്‍ക്കാര്‍ ഇരുന്നൂറോളം നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. കാർഷിക മേഖലയിലെ 18 ആവശ്യങ്ങൾ ഉന്നയിച്ച്‌ ഒരാഴ്‌ചനീളുന്ന മാർച്ച് ഇന്ന് തുടങ്ങാനിരിക്കെയാണ്‌ ഭഗവന്ത്‌ മൻ സർക്കാരിന്റെ അടിച്ചമർത്തൽ നീക്കം.തിങ്കളാഴ്‌ച എസ്‌കെഎമ്മുമായി നടത്തിയ ചർച്ചയിൽനിന്ന്‌ രോഷത്തോടെ മുഖ്യമന്ത്രി ഇറങ്ങിപ്പോയതിന്‌ പിന്നാലെയാണ്‌ അർദ്ധരാത്രിയില്‍ പൊലീസ്‌ വ്യാപക റെയ്‌ഡും അറസ്റ്റും നടത്തിയത്‌. 

ബൽബീർ സിങ്‌ രജേവാൾ, റുൽഡു സിങ്‌ മൻസ, ജഗ്‌വീർ സിങ്‌ ചൗഹാൻ, ഗുർമീത് സിങ്‌ ഭാട്ടിവാൾ, വീർപാൽ സിങ്‌ ധില്ലൺ, ബിന്ദർ സിങ്‌ ഗോലെവാ തുടങ്ങിയ നേതാക്കളെ തടങ്കലിലാക്കി. പ്രമുഖ നേതാവ്‌ ജൊഗീന്ദർ സിങ്‌ ഉഗ്രഹാന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം ഉണ്ടായിരുന്നില്ല. മറ്റൊരു നേതാവ്‌ ഗുലാബ്‌ സിങിന്റെ ഭട്ടിൻഡയിലെ വീട് പുലർച്ചെ വളഞ്ഞുവെങ്കിലും നാട്ടുകാർ സംഘടിച്ചതോടെ പൊലീസ്‌ പിൻവാങ്ങി. കാർഷിക കടം എഴുതിത്തള്ളണം, സംഭരണം ശക്തിപ്പെടുത്തണം, നെൽകൃഷി വ്യാപിപ്പിക്കണം തുടങ്ങി 18 ആവശ്യങ്ങളിൽ 12ഉം സംസ്ഥാന സർക്കാർ പരിഹാരം കാണേണ്ടതാണ്‌. നിങ്ങൾക്ക്‌ സൗകര്യമുള്ളത്‌ ചെയ്യാൻ പറഞ്ഞാണ്‌ മുഖ്യമന്ത്രി ചർച്ചയിൽനിന്ന്‌ ഇറങ്ങിപ്പോയത്‌. 

Exit mobile version