Site iconSite icon Janayugom Online

പൊലീസ് കേസെടുത്തില്ല; ബജ്‌റംഗ്‌ദള്‍ നേതാക്കള്‍ക്കെതിരെ വനിതാ കമ്മിഷന് പരാതി

ബജ്‌റംഗ്‌ദളുകാരുടെ ക്രൂരമര്‍ദനത്തിനിരയായ ഛത്തീസ്ഗഢിലെ മൂന്ന് പെണ്‍കുട്ടികള്‍ വനിതാ കമ്മിഷന് പരാതി നല്‍കി. പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ് കമലേശ്വരി പ്രധാന്‍, ലളിത ഉസെന്ദി, സുക്‌മതി മാണ്ഡവി എന്നിവര്‍ സംസ്ഥാന വനിതാ കമ്മിഷനെ സമീപിച്ചത്. തങ്ങളെ ക്രൂരപീഡനങ്ങള്‍ക്ക് വിധേയമാക്കിയ ജ്യോതി ശർമ്മ, രവി നിഗം, രത്തൻ യാദവ്, അതിക്രമത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍, ദുർഗ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് രാജ്കുമാർ നോർജി എന്നിവര്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ ഈ മാസം രണ്ടിന് ദുര്‍ഗ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തി കേസെടുക്കുമെന്ന് അറിയിച്ചെങ്കിലും 12 ദിവസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് വനിതാ കമ്മിഷന് പരാതി നല്‍കിയത്.

പരാതി നേരിട്ട് കേള്‍ക്കുന്നതിന് 20ന് ഹാജരാകുന്നതിന് കമ്മിഷന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. വനിതാ കമ്മിഷനില്‍ നിന്നും അനുകൂല നടപടിയുണ്ടാകുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് പെണ്‍കുട്ടികളുടെയും അവര്‍ക്ക് സംരക്ഷണമൊരുക്കുന്ന സിപിഐ നേതൃത്വത്തിന്റെയും തീരുമാനം.
ക്രൈസ്തവ വിശ്വാസികളായ മൂന്ന് പെണ്‍കുട്ടികളെ മതംമാറ്റാനും മനുഷ്യക്കടത്തിനും ശ്രമിച്ചെന്നാരോപിച്ചാണ് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ബിജെപി സര്‍ക്കാര്‍ ജയിലിലടച്ചത്. 

Exit mobile version