തെലങ്കാനയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ജില്ലകളിലെ ഏഴ് ഗ്രാമമുഖ്യന്മാരടക്കം 15 പേർക്കെതിരേയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തെലങ്കാനയിലെ ഹനംകോണ്ട, കാമറെഡ്ഡി ജില്ലകളിലെ വിവിധയിടങ്ങളിലാണ് തെരുവുനായ്ക്കളെ വിഷം കുത്തിവെച്ച് കൂട്ടത്തോടെ കൊലപ്പെടുത്തിയത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 500-ഓളം നായ്ക്കളെ ഇത്തരത്തിൽ കൊലപ്പെടുത്തിയെന്നാണ് ആരോപണം. തെരുവുനായ്ക്കൾക്ക് വിഷം കുത്തിവെയ്ക്കുന്ന ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ചില സ്ഥാനാർത്ഥികൾ തെരുവ് നായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം പരിഹരിക്കുമെന്നും നായ്ക്കളില്ലാത്ത ഗ്രാമം സൃഷ്ടിക്കുമെന്നും ഗ്രാമീണർക്ക് വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ജനുവരി ആദ്യംമുതൽ വിവിധഭാഗങ്ങളിലായി തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് ആരംഭിച്ചതെന്നും പറയുന്നു.

