Site iconSite icon Janayugom Online

പൊതുമേഖല സ്ഥാപനങ്ങൾ മത്സരക്ഷമമാക്കി ലാഭമുണ്ടാക്കുന്ന നയം വിജയത്തിലേക്ക്; മന്ത്രി പി രാജീവ്

പൂർണമായും വിൽക്കാൻ വെച്ചിരുന്ന പൊതുമേഖല സ്ഥാപനമായ കെഎസ്ഡിപി ഇന്ന് ലാഭത്തിലാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെഎസ്ഡിപി 50-ാം വാർഷികാഘോഷവും മെഡിമാർട്ടും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ വകുപ്പിന്റെ കീഴിൽ 54 പൊതുമേഖല സ്ഥാപനങ്ങളുണ്ട്. അതിൽ 24 എണ്ണം ലാഭകരമായി പ്രവർത്തിക്കുന്നത് അഭിമാനകരമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റു വരവ് ഈ വർഷം അയ്യായിരത്തി ഒരുന്നൂറ്റി പത്തൊമ്പത് കോടി പതിനെട്ട് ലക്ഷമാണെന്നും മന്ത്രി പറഞ്ഞു. ലാഭം 100 കോടിയിലധികമാക്കി ഉയർത്താൻ കെഎസ്ഡിപിക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്താണ് ഏറ്റവും കൂടുതൽ വിറ്റ് വരവ് ഉണ്ടായത്. അന്നത്തെ വിറ്റു വരവിന്റെ പ്രധാന ഭാഗം വന്നത് സാനിറ്റൈസർ നിർമ്മാണത്തിലൂടെയാണ്. ഇപ്പോഴത്തെ വിറ്റു വരവ് പ്രധാനമായും മരുന്നു നിർമാണത്തിലൂടെ തന്നെയാണ്. ഓങ്കോളജി പാർക്ക് യാഥാർത്ഥ്യമാകുമ്പോൾ കെഎസ്ഡിപി ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ പൊതുമേഖല സ്ഥാപനമായി മാറും. പൊതുമേഖല മത്സര ക്ഷമമാക്കി ലാഭകരമാക്കുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. 

കയർ കോർപ്പറേഷനും കയർഫെഡും ലാഭം വർധിപ്പിച്ചിട്ടുണ്ട്.1156 കോടി രൂപ വിറ്റ്‌വരവുള്ള സ്ഥാപനമായി കേരളത്തിൽ കെൽട്രോൺ മാറിയെന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. കലവൂർ കെഎസ്ഡിപിയിൽ കൂടിയ യോഗത്തിന് പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യാതിഥിയായി. കെഎസ്ഡിപി ഉല്പാദിപ്പിക്കുന്ന മരുന്നുകൾ ബ്രാൻഡ് ചെയ്ത് പൊതുവിപണിയിൽ വില്പനയ്ക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായി ലഭിച്ച ബ്രാൻഡ് നെയിമുകളായ കേരാംസോൾ പ്ലസ് കഫ് സിറപ്പ്, കേരപിപറ്റ്സ് ഇഞ്ചക്ഷൻ, കെരാമിസിൻ ടാബ്‌ലെറ്റ് എന്നിവയുടെ വില്പന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മന്ത്രി പി രാജീവ് കെഎസ്ഡിപി എംഡി ഇ എ സുബ്രഹ്മണ്യന് കൈമാറി. ജില്ലാ കളക്ടർ അലക്സ് വർഗീസ്, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, വ്യവസായ വകുപ്പ് ഒഎസ്ഡി ആനി ജൂല തോമസ്, ജില്ലാ പഞ്ചായത്തംഗംആർ റിയാസ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, കെ എസ് ഡി പി മാനേജിങ് ഡയറക്ടർ ഇ എ സുബ്രമണ്യൻ, ബിപിടി എക്സിക്യൂട്ടീവ് ചെയർമാൻ കെ അജിത് കുമാർ, മുൻ എംപി ടി ജെ ആഞ്ചലോസ്, പി കെ ബിനോയ്, കെ ആർ ഭഗീരഥൻ, പി ജി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
കെഎസ്ഡിപി സുവർണ ജൂബിലി ആഘോഷിത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനാണ് മെഡിമാർട്ട് ആരംഭിച്ചത്. ഇവിടെ മരുന്നുകൾ 10 മുതൽ 20 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി സംവിധാനവുമുണ്ടാകും. 

Exit mobile version