“ഒരു ഇന്ത്യന്‍ റോക്ക്ഫെല്ലര്‍ അമേരിക്കന്‍ റോക്ക്ഫെല്ലറെക്കാള്‍ ഒട്ടും മെച്ചമായിരിക്കാന്‍ ഇടയില്ല” എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചത് മഹാത്മാഗാന്ധിയാണ്. ഗാന്ധിയുടെ പ്രവചനം ഇന്ത്യയില്‍ പ്രതിഫലിച്ചു തുടങ്ങിയത് 90കളില്‍ ആരംഭിച്ച നവഉദാരീകരണ കാലം മുതല്‍ക്കാണ്. വിഭവങ്ങള്‍ മുഴുവന്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതിയതോടെ ആസൂത്രിത വികസനം എന്ന സങ്കല്പം തന്നെ പാളം തെറ്റി. പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം മൂലം പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉടലെടുത്തു. മൊട്ടുസൂചി മുതല്‍ റോക്കറ്റ് വരെ ടേണ്‍ കീ സമ്പ്രദായത്തില്‍ വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കേണ്ട ഗതികേടില്‍ നമ്മള്‍ എത്തിച്ചേര്‍ന്നു. ഇത്തരത്തില്‍ നിലവില്‍വന്ന ഫാക്ടറികള്‍ എല്ലാംതന്നെ വന്‍കിട വ്യവസായ സ്ഥാപനങ്ങളാണ്. ഇവ റോയല്‍റ്റി കൊടുത്തു വാങ്ങിയ വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ചോ, വിദേശ കൂട്ടുസംരംഭങ്ങള്‍ വഴിയോ നിലവില്‍ വന്നവയാണ്. ഇവയിലെ വിറ്റുവരവിന്റെ സിംഹഭാഗവും വിദേശത്തേക്ക് ഒരു വഴിയിലൂടെയല്ലെങ്കില്‍ മറ്റൊന്നിലൂടെ ചോര്‍ന്നുപോവുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കുഴിതോണ്ടുന്നതോടൊപ്പം സ്വാശ്രയത്വവും ഇല്ലാതാക്കുന്നു.
ഈ രീതിയില്‍ ‘വികസനം’ മുന്നേറുമ്പോള്‍ ഉല്പാദനവുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലകള്‍ കൂടുതലായി ഉണ്ടാവുന്നില്ല. ഉള്ളവയില്‍ത്തന്നെ തൊഴില്‍ സാധ്യതകള്‍ മങ്ങുകയും ചെയ്യുന്നു. ഇങ്ങനെ കാര്‍ഷികവൃത്തി അടക്കമുള്ള പ്രാഥമിക മേഖലയും അനുബന്ധ വ്യവസായങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദ്വിതീയ മേഖലയും വഴി രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ചിരുന്ന തൊഴിലും വരുമാനവും ഇല്ലാതാവുന്ന സാഹചര്യത്തില്‍ മൂന്നാം മേഖലയായ സേവനമേഖല താല്‍ക്കാലികമായി വളര്‍ച്ച കാണിക്കാറുണ്ട്. ഉദാഹരണമായി കേരളത്തിന്റെ ആഭ്യന്തര ഉല്പാദനരംഗത്തെ കണക്കുകളെടുത്താല്‍ 1962–63 മുതല്‍ 73–74 വരെയുള്ള കാലത്തെ ആഭ്യന്തര ഉല്പാദനം 3.2 ശതമാനം വര്‍ധിച്ചപ്പോള്‍ 75–76 മുതല്‍ 85–86 വരെ 1.76 ശതമാനം മാത്രമാണ് വര്‍ധിച്ചത്. ഇതേകാലത്ത് കാര്‍ഷിക മേഖല ആദ്യഘട്ടത്തിലെ 2.23 ശതമാനം വളര്‍ച്ചയില്‍ നിന്ന് രണ്ടാം ഘട്ടത്തില്‍ മൈനസ് ഏഴ് ശതമാനമായി. ഈ ഘട്ടത്തില്‍ സേവനമേഖല 4.7 ശതമാനം വളര്‍ച്ച കാണിച്ചു.
കാര്‍ഷിക, വ്യാവസായിക രംഗത്തെ തളര്‍ച്ചയുടെ നേരിട്ടുള്ള ആഘാതം റവന്യു മിച്ചത്തില്‍ നിന്ന് മൂലധന കമ്മി നികത്താന്‍ കഴിയാതെ വരിക എന്നതാണ്. ഈ രൂക്ഷമായ കമ്മിയുടെ കയത്തില്‍പ്പെടുന്നതോടെ സാമൂഹ്യ ക്ഷേമ പദ്ധതികളും അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും താളംതെറ്റുന്നു. സേവന മേഖലയിലെ അപചയം മൂലം ടൂറിസം പോലുള്ള മേഖലകളില്‍ തൊഴില്‍ തേടുവാന്‍ കൂടുതല്‍ പേര്‍ നിര്‍ബന്ധിതരാവുന്നു. ഇത്തരം മേഖലകളിലെ വളര്‍ച്ച നമ്മുടെ സാംസ്കാരിക പരിസരത്തെ മലിനമാക്കാനും സാധ്യത ഏറെയാണ്.
എന്നാല്‍ ഓരോ പ്രശ്നത്തിലും അതിന്റെ പരിഹാരസാധ്യതയുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രകൃതി അതിന്റെ എല്ലാ വരദാനവും നല്‍കിയിട്ടുള്ള നാടാണ്. ഓരോ നാടിന്റെയും തനതായ പ്രകൃതി, കാലാവസ്ഥ, കൃഷിരീതികള്‍, വ്യാവസായിക അസംസ്കൃത വസ്തുക്കള്‍ ഇവയൊക്കെ അടിസ്ഥാനമാക്കിയായിരിക്കണം ആ നാട്ടിലെ സാങ്കേതികവിദ്യ പുരോഗമിക്കേണ്ടത്. കൊപ്രവെട്ടുകളത്തില്‍ പാഴായിപ്പോകുന്ന തേങ്ങാവെള്ളം മുതല്‍ പപ്പായയില്‍ നിന്ന് പപ്പായിന്‍ വരെ എത്ര സാധ്യതകളുണ്ടെന്ന് നമ്മള്‍ ശ്രദ്ധിക്കുന്നില്ല. വളരെ അശാസ്ത്രീയമായി പപ്പായക്കറ ശേഖരിച്ച് നാമമാത്രമായ വിലയ്ക്ക് വില്‍ക്കുന്നിടത്ത്, കാപ്പി, ഏലം, കുരുമുളക്, ഗ്രാമ്പു ഇവയെല്ലാം കൃഷിയിടത്തില്‍ നിന്നു തന്നെ അസംസ്കൃതമായി ആര്‍ക്കെങ്കിലും കച്ചവടം നടത്തുന്നിടത്ത് നമ്മുടെ വിപണി അവസാനിക്കുന്നു. ഇവയെല്ലാം സംസ്കരിച്ചെടുക്കുന്ന ശുദ്ധ എക്സ്ട്രാറ്റുകള്‍ക്ക് ലോക മാര്‍ക്കറ്റില്‍ വലിയ വിലയും ആവശ്യക്കാരുമുണ്ട് എന്ന കാര്യം അറിയാമെങ്കിലും അവ പ്രോസസ് ചെയ്യാനുള്ള സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വ്യവസായശാലകള്‍ നമുക്കില്ല. ആ ദിശയിലുള്ള പ്രവര്‍ത്തനവുമുണ്ടാവുന്നില്ല.
നമ്മുടെ ചക്ക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കുറച്ച് യൂണിറ്റുകള്‍ ഈ അടുത്തകാലത്ത് വന്നതാണ് ഒരു മാറ്റമായി കാണാവുന്നത്. ഇവിടെ അനന്ത സാധ്യതകളുള്ള കാര്‍ഷിക വിഭവങ്ങള്‍ സംസ്കരിച്ചെടുക്കുവാനുള്ള നൂനത സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായശാലകള്‍ പ്രോത്സാഹിപ്പിക്കുകയും അവയുടെ വിപണിസാധ്യത പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ ഇന്ന് വിയറ്റ്നാം, തായ്‌ലന്‍ഡ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ ഉള്ളതുപോലെ അനേകം ഫുഡ് പ്രോസസിങ് പാര്‍ക്കുകള്‍ സ്ഥാപിക്കുവാനും കാര്‍ഷികോല്പന്നങ്ങള്‍ മൂല്യവര്‍ധിതമായി വിപണനം ചെയ്ത് റവന്യു മിച്ചം സ്വരൂപിക്കാനും കഴിയും. എന്നാല്‍ ഇത്തരത്തില്‍ പ്രാദേശിക വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ ഇന്ന് ഇന്ത്യയില്‍ ആസൂത്രണം ചെയ്യുന്നില്ല. പകരം സ്വകാര്യ കുത്തകകള്‍ക്ക് നമ്മുടെ പ്രകൃതിവിഭവങ്ങള്‍ തുച്ഛമായ വിലയ്ക്ക് ചൂഷണം ചെയ്യുവാനും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുവാനുമാണ് നിതി ആയോഗ് പോലുള്ള ആസൂത്രണ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്.
ഊര്‍ജ മേഖലയില്‍ സുലഭമായി ലഭിക്കുന്ന സൗരോര്‍ജവും മിനി ഹൈഡ്രല്‍ പ്രോജക്ടുകളുമൊഴിവാക്കി യൂറോപ്പില്‍ പൊളിച്ചുവില്‍ക്കുന്ന ആണവ റിയാക്ടറുകളുടെ അവശിഷ്ടങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുകയാണ് നമ്മള്‍. ഇങ്ങനെ എല്ലാ രംഗങ്ങളിലും ആരോ വലിച്ചെറിയുന്ന ചെരുപ്പിനനുസരിച്ച് കാല്പാദങ്ങള്‍ മുറിച്ച്, ഞൊണ്ടി ഞൊണ്ടിയുള്ള നടപ്പ് നമ്മള്‍ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യന്‍ റോക്ക്ഫെല്ലര്‍മാരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള രാഷ്ട്രീയം രാജ്യത്ത് നടപ്പിലാക്കുന്നവരെ തിരിച്ചറിയുകയും അതിനറുതി വരുത്തുകയും ചെയ്യുക എന്നതാണ് ഈ രാവണന്‍കോട്ടയില്‍ നിന്ന് പുറത്തേക്കുള്ള ഏകമാര്‍ഗം.