Site iconSite icon Janayugom Online

അതിജീവിതമാർക്കൊപ്പം നിലകൊള്ളുക എന്ന രാഷ്ട്രീയം

സംഘര്‍ഷങ്ങളില്‍ ഉണ്ടാകുന്ന ലെെംഗികാതിക്രമങ്ങളെ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്രദിനം ആചരിക്കണമെന്ന് 2015ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിന്റെ ഭാഗമായി ജൂണ്‍ 19 ഇന്റര്‍നാഷണല്‍ ഡേ ഫോര്‍ എലിമിനേഷന്‍ ഓഫ് സെക്ഷ്വല്‍ വയലന്‍സ് ഇന്‍ കോണ്‍ഫ്ലിക്ട് ആയി ആചരിക്കുന്നു. സംഘട്ടനങ്ങളിലും സംഘര്‍ഷങ്ങളിലും സ്ത്രീകളെ ലെെംഗികമായി അതിക്രമിക്കുന്നത് സാമൂഹികഘടനയെത്തന്നെ കീറിമുറിക്കുന്നതും സമൂഹങ്ങളെ നിയന്ത്രിക്കുന്നതും മനുഷ്യരെ വീടുകളില്‍ നിന്നും നിര്‍ബന്ധിതമായി ആട്ടിപ്പായിക്കുന്നതിനുമായി ഉപയോഗിക്കുന്നു. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണിത്. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷികതയുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനവും. സംഘര്‍ഷാനന്തര അനുരഞ്ജനത്തിനും സാമ്പത്തിക വികസനത്തിനും ഈ കുറ്റകൃത്യങ്ങള്‍ തടസമാകുന്നുവെന്നാണ് എട്ടാമത് യുഎന്‍ സെക്രട്ടറി ജനറലായ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തുന്ന ലെെംഗിക അതിക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ അവബോധം വളര്‍ത്തുകയും, ലോകമെമ്പാടുമുള്ള ലെെംഗികാതിക്രമത്തിന് ഇരയായവരെയും അതിജീവിച്ചവരെയും ആദരിക്കുന്നതിനും അവരുടെ ജീവിതം ധീരമായി സമര്‍പ്പിച്ചവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും വേണ്ടിയാണ് ജൂണ്‍ 19 ലെെംഗികാതിക്രമ നിര്‍മ്മാര്‍ജ്ജന ദിനമായി അംഗീകരിച്ചതുവഴി ലക്ഷ്യമിട്ടിരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഈ കുറ്റകൃത്യത്തെ ഒരു യുദ്ധതന്ത്രമായി കണ്ട് അപലപിച്ചിട്ടുണ്ട്.


ഇതും കൂടി വായിക്കാം; സ്ത്രീ സ്ത്രീപക്ഷം സമൂഹം


സംഘര്‍ഷവുമായി ബന്ധപ്പെട്ടു നടത്തുന്ന ലെെംഗികാതിക്രമം, ലെെംഗിക അടിമത്തം, ബലാത്സംഗം, നിര്‍ബന്ധിത വേശ്യാവൃത്തി, നിര്‍ബന്ധിത ഗര്‍ഭധാരണം, നിര്‍ബന്ധിത വന്ധ്യംകരണം, വിവാഹം എന്നിവയ്ക്ക് വിധേയരാകേണ്ടി വരുന്ന സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം അതിജീവനത്തിനായി അവരെ ശക്തിപ്പെടുത്തുക എന്നതെല്ലാം അന്താരാഷ്ട്രദിനമായി അംഗീകരിക്കുന്നതിലൂടെ ഓരോ രാഷ്ട്രത്തിന്റെയും ഉത്തരവാദിത്തമാകുന്നു. ഗാര്‍ഹിക ഇടങ്ങളില്‍ നടത്തുന്ന ലെെംഗികാതിക്രമത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് സംഘര്‍ഷങ്ങളിലെ ലെെംഗികാതിക്രമങ്ങള്‍‍. ഇത് യുദ്ധതന്ത്രമായി കാണുന്നുവെന്നത് ചരിത്രപരമായിത്തന്നെ മനസിലാക്കപ്പെടുന്നു. കുറ്റക്കാരെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും വളരെയധികം ശ്രമങ്ങള്‍ അനിവാര്യമാണ്. സായുധ പോരാട്ടങ്ങള്‍, തടങ്കല്‍, മറ്റ് അക്രമസാഹചര്യങ്ങള്‍ എന്നിവയിലെ ലെെംഗികാതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിന് ഉയര്‍ന്നതലത്തിലുള്ള മാനുഷിക നയതന്ത്രം അനിവാര്യമാണ്. വിവിധ മനുഷ്യാവകാശ സംഘടനകള്‍ ലെെംഗികാതിക്രമങ്ങള്‍ തടയുന്നതിനായി ആയുധവാഹകരായവരുമായി സംഭാഷണങ്ങള്‍ നടത്തിക്കൊണ്ടും അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തിയും മറ്റും വ്യക്തികളുടെയും അവരുടെ കമ്മ്യൂണിറ്റികളുടെയും പ്രതിരോധശേഷി ശക്തിപ്പെടുത്തിയും അക്രമസാധ്യതകള്‍ ലഘൂകരിച്ചും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ അതിജീവിക്കുന്നവരെ കേന്ദ്രീകരിച്ച് അവര്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങളും സംരക്ഷണങ്ങളും നല്കിയും തെളിവുകള്‍ ശേഖരിച്ചും നീതിയിലേക്ക് വഴിതുറക്കുന്നു.

തുറന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഇന്ന് രൂപാന്തരംകൊണ്ട് അക്രമികളെയും ആയുധവാഹകരെയും തിരിച്ചറിയാന്‍ പോലും കഴിയാത്ത അത്യാധുനിക സാങ്കേതിക മികവോടെ ഉന്മൂലനങ്ങള്‍ നടക്കുന്ന യാഥാര്‍ത്ഥ്യം ഇത്തരം മനുഷ്യാവകാശ മാനുഷിക പ്രവര്‍ത്തനങ്ങളുടെ സാധ്യതപോലും ഇല്ലാതാക്കുന്നു. മഹാമാരി കാലഘട്ടത്തില്‍ ഒരുതരത്തില്‍പോലും പലായനം ചെയ്യപ്പെട്ടവരെ സഹായിക്കാനാകാത്ത നിസഹായകതയാണ് ഭീതിജനകമായത്. അതിജീവിതരുടെ ദിനമായും ഈ ദിനത്തെ കാണുന്നുണ്ട്. അതിജീവിതർക്കൊപ്പം എന്നത് എല്ലാ അതിജീവിതർക്കും ഒപ്പമെന്നാണ്.


ഇതും കൂടി വായിക്കാം; സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശം


കനലിൽ എരിഞ്ഞു ചാരമായി തീരാതെ പുനർജ്ജനിക്കുന്ന അതിജീവിതമാർക്കൊപ്പം നിലകൊള്ളുക എന്നത് ഒരു രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയപ്രവർത്തനം സമത്വം, സാഹോദര്യം നൈതികത എന്നിവയിൽ അധിഷ്ഠിതമാണ്. അന്താരാഷ്ട്രദിനാചരണങ്ങള്‍ വഴി ഏതുതരത്തിലുള്ളതുമായ ലെെംഗികാതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള അവബോധം ഉണ്ടാക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഭരണകൂടത്തെയും നിയമസംവിധാനങ്ങളെയും കാത്തുനില്‍ക്കാതെ അതിജീവനത്തിനായി പൊരുതുന്നവര്‍ക്ക് പിന്തുണയേകേണ്ടത് ഓരോ വ്യക്തിയുടെയും കര്‍ത്തവ്യമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ “സാഹോദര്യം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ വ്യക്തിയുടെയും അന്തസ് ഉറപ്പാക്കിക്കൊണ്ടുള്ള സാഹോദര്യമാണ്. അഭിമാനികളായി ജീവിക്കാനുള്ള അവകാശം ഓരോ വ്യക്തിയുടെയും മനുഷ്യാവകാശമാണ്. ലെെംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്നവരെ അതിജീവിതകളാക്കി, അഭിമാനികളാക്കി ഉയര്‍ത്തുക എന്നതാകട്ടെ ഈ ദിനത്തിലെ സന്ദേശം.

Exit mobile version