5 May 2024, Sunday

സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശം

അഡ്വ. ആശ ഉണ്ണിത്താന്‍
സാമൂഹിക പ്രവര്‍ത്തക
December 10, 2021 6:30 am

1993ലെ വിയന്ന പ്രഖ്യാപനത്തിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ മനുഷ്യാവകാശങ്ങളാണെന്ന് യു എന്‍ ജനറല്‍ അസംബ്ലി അംഗീകരിക്കുകയും അംഗരാജ്യങ്ങളോട് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ 1993ലെ വിയന്ന പ്രഖ്യാപനത്തിലെ വ്യവസ്ഥകള്‍ പ്രകാരം അമര്‍ച്ചചെയ്യുന്നതിന് ആഹ്വാനം ചെയ്തിട്ടുള്ളതുമാണ്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം ഇല്ലാതാക്കുന്നതിനായുള്ള അന്താരാഷ്ട്ര ദിനമായ നവംബര്‍ 25 മുതല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10വരെയാണ് ക്യാമ്പയിന്‍ ദിനങ്ങള്‍. സാധാരണയായി ചാരിറ്റബിള്‍ ഫണ്ടുകൊണ്ടോ സി‍എസ്ആര്‍ ഫണ്ടുകൊണ്ടോ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളായ എന്‍ജിഒകളാണ് യുഎന്‍ നടത്തുന്ന ഇത്തരം പ്രചരണ പരിപാടികള്‍ നടത്താറുള്ളത്. കഴിഞ്ഞ മൂന്ന് ദശാബ്ദമായി എന്‍ജിഒകള്‍ ഓരോ വര്‍ഷവും ഓരോ തീം എടുത്താണ് ഈ പ്രബോധന പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം മുതല്‍ കേരള സര്‍ക്കാരും ഈ 16 ദിന ആക്റ്റിവിസത്തിന്റെ ഭാഗമായ വനിതാ — ശിശു വകുപ്പിന്റെ നേതൃത്വത്തില്‍ രാത്രി നടത്തം നടത്തുന്നു. ചെയ്ഞ്ച് ദി വേള്‍ഡ് എന്ന ക്യാമ്പയിന്‍ വാചകമാണ് ഇത്തവണത്തേക്കുള്ളത്. ജില്ലാ വനിതാ-ശിശു വികസന ഓഫീസറുടെ നേതൃത്വത്തിലും പഞ്ചായത്തുതലത്തില്‍ സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തിലും ജനപ്രതിനിധികള്‍, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, റസിഡന്റ് അസോസിയേഷനുകള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ചും പൊലീസ് സഹകരണത്തോടെയുമാണ് ഈ ‘രാത്രി നടത്തം’ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ‘പൊതുയിടം — എന്റെയിടം’ എന്ന പരിപാടിക്കുവേണ്ടി വനിതാ ജീവനക്കാര്‍ തങ്ങളുടെ ജോലി സമയത്തിനുശേഷം പാതിരാത്രിയിലുള്ള നടത്തത്തിന്റെ നടത്തിപ്പുകാരായിരിക്കുകയാണ്. 100 വനിതാ ജീവനക്കാരില്‍ 75 ശതമാനവും കൊച്ചുകുട്ടികള്‍ ഉള്ളവരും സ്വന്തമായി വാഹനമില്ലാത്തവരുമാണ്. വീട്ടിലെ പുരുഷന്മാരുടെ സഹകരണത്തോടെ മാത്രമുള്ള ഈ രാത്രി നടത്തം പലര്‍ക്കും വീട്ടുകാരുടെ നിസഹകരണം മൂലം പേടിസ്വപ്നം ആയിരിക്കുകയാണ്. സമൂഹത്തില്‍ ലിംഗാവബോധവും ശാക്തീകരണവും നടത്തേണ്ട ഉത്തരവാദിത്തം തീര്‍ച്ചയായും ഭരണകൂടത്തിനുണ്ട്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാകുന്നത് ഇത്തരം പരിപാടികള്‍ നടത്തുന്നതില്‍ മാത്രമാകരുത്. അപരാജിത, ഇണ, ചിരി എന്നീ പേരുകളില്‍ പൊലീസ് വകുപ്പും ഇത്തരം പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ സ്പോണ്‍സേര്‍ഡ് പരിപാടികള്‍ നടത്തി ഫോട്ടോ ഷൂട്ടും കഴിയുന്നതോടെ എല്ലാം തീരുന്ന സ്ഥിതിയാണുള്ളത്. അത് മാറണം. ശബരിമല വിധിക്കുശേഷം കേരള ജനതയെ വര്‍ഗീയ വിലോമ ശക്തികള്‍ ആശങ്കപ്പെടുത്തുമ്പോള്‍ ആ അവസരത്തിനൊത്ത് ഉയര്‍ന്നുകൊണ്ട് നവോത്ഥാന മൂല്യങ്ങളെ മുന്നോട്ടുവച്ച് കേരള സര്‍ക്കാര്‍ നടത്തിയ ‘നവോത്ഥാന വനിതാ മതില്‍’ സംഘാടനത്തിലും മറ്റും ന്യൂനതകള്‍ ഉണ്ടായിരുന്നെങ്കിലും സ്ത്രീകളുടെയും പൊതുവെ യുവജനങ്ങളുടെയും ഇടയില്‍ സമാനതകളില്ലാത്ത പ്രതിസന്ധികളെ മറികടക്കുന്ന വിപണി രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ഭരണകൂടത്തിന്റെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. പഞ്ചമി എന്ന പെണ്‍കുട്ടിയുടെ കൈപിടിച്ച് പള്ളിക്കൂടത്തിലേക്ക് നടക്കുന്ന മഹാത്മാ അയ്യങ്കാളിയുടെ ചിത്രം ആലേഖനം ചെയ്ത കേരള ബജറ്റും സ്വാതന്ത്ര്യം ലഭിച്ച് ദശാബ്ദങ്ങളായി മുഖ്യധാരയിലേക്ക് എത്തിച്ചേരാതെ കിടന്നിരുന്ന ലിംഗ‑വര്‍ണ ബോധത്തെയുമാണ് വര്‍ഗരാഷ്ട്രീയം ചേര്‍ത്തുപിടിച്ചത്.


ഇതുകൂടി വായിക്കാം; കൈവിട്ടു പോകുന്ന (സ്ത്രീകളുടെ) അവകാശങ്ങൾ…


സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങള്‍ പുതിയ രൂപങ്ങളും മാനങ്ങളുമായി ഭയാനകമായ വിധത്തില്‍ വര്‍ധിക്കുകയാണ്. നിയമപരിരക്ഷ നല്കേണ്ടവര്‍ കുറ്റകരമായ സ്ത്രീവിരുദ്ധമായ സമീപനത്താലും ഈ ദുരവസ്ഥയെ ദുരന്തമയമാക്കുന്നു. സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങള്‍ ലിംഗഭേദത്തിലൂന്നിയ അതിക്രമങ്ങളാണ്. ലൈംഗിക പീഡനം, ഗാര്‍ഹികാതിക്രമം, സ്ത്രീധന പീഡനം, മനുഷ്യക്കടത്ത്, നിര്‍ബന്ധിത വിവാഹം, ദുരഭിമാനക്കൊലകള്‍ എന്നിവയെല്ലാം ലിംഗഭേദത്തിലൂന്നിയ അതിക്രമങ്ങളാണ്. ആണ്‍കുട്ടികളും പുരുഷന്മാരില്‍ പലരും ഇവയുടെ ചില രൂപങ്ങള്‍ അനുഭവിക്കുന്നുണ്ട്. മാത്രമല്ല, അവര്‍ അനുഭവിക്കുന്ന മറ്റു തരത്തിലുള്ള അതിക്രമങ്ങള്‍ പോലും മനസിലാകുന്നത് സാമൂഹികമായി ആശ്രയിക്കപ്പെടുന്ന ലിംഗഭേദങ്ങള്‍ക്കനുസരിച്ചാണ്. 1976 ല്‍ ഡയാന ഇ എച്ച് റസല്‍ എന്ന എഴുത്തുകാരി ഫെമിസൈഡ് എന്ന വാക്കിനെ നിര്‍വചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ന് ജന്‍ഡര്‍സൈഡ് എന്ന വാക്ക് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ഇന്‍ക്ലൂസീവ് ആയതിനാല്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ പത്രങ്ങള്‍ വാര്‍ത്താചാനലുകള്‍ ‘വധു പൊള്ളലേറ്റു മരിച്ചു’ സ്ത്രീധന മരണം എന്നീ വാക്കുകള്‍ തന്നെ ഉപയോഗിക്കുന്നു. സ്ത്രീയായതിനാല്‍ മാത്രം ഒരു പെണ്‍കുട്ടിയോ സ്ത്രീയോ കൊലചെയ്യപ്പെടുന്നു. എന്നാല്‍ അത് ഫെമിസൈഡ് അഥവാ ഫെമിനിസൈഡ് (Femi­cide or fem­i­ni­cide) ആണ്. സ്ത്രീഹത്യതന്നെയാണത്. ഫെമിസൈഡ് എന്നതിന് തുല്യമായൊരു പദം ഇന്ത്യന്‍ ഭാഷയിലുണ്ടോ എന്ന് സംശയമാണ്. സ്ത്രീയുടെ അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ മേല്‍ വിദ്വേഷ ഭാഷണവും ദുഷ്‌പ്രചാരണവും വര്‍ധിക്കുന്നു. അവ മാധ്യമങ്ങളിലൂടെ കാട്ടുതീ വേഗത്തി­ല്‍ പടര്‍ത്തുന്നു. സൈബര്‍ ഇടത്തിലൂടെ നടത്തുന്ന ലൈംഗിക/ലിംഗാധിഷ്ഠിതമായ വിദ്വേഷഭാഷണം വ്യക്തിഹത്യ നടത്തുമ്പോള്‍ കുറ്റവാളികളെ കണ്ടെത്തുന്നതിനുവേണ്ട നിയമമോ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമസംവിധാനമോ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. കേരള പൊലീസ് ആക്റ്റ് ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവന്നുവെങ്കിലും തിരക്കുപിടിച്ച് ചെയ്തതിലെ തെറ്റുകള്‍ തിരുത്താതെ ആ ഓര്‍ഡിനന്‍സ് അപ്പാടെ റദ്ദാക്കി നിയമനിര്‍മ്മാണം എന്ന ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. കേവലം ആക്റ്റ് ഭേദഗതി ചെയ്ത് പൊലീസിന് കൂടുതല്‍ അധികാരം നല്കിയതുകൊണ്ട് പരിഹരിക്കാവുന്നതല്ല ലിംഗഭേദത്തിലൂന്നിയ അതിക്രമങ്ങള്‍. ലിംഗാധിഷ്ഠിതമായ കാഴ്ചപ്പാട് സംയോജിപ്പിച്ചുകൊണ്ട് തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിയമവാഴ്ച ശക്തമാക്കുന്നതിനുമാണ് പൊലീസിന്റെ സേവനങ്ങള്‍ അനിവാര്യമാകുന്നത്. ലിംഗസമത്വം കൈവരിക്കാത്തതിലൂടെ ആത്യന്തികമായി അക്രമം തടയപ്പെടുന്നു. എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. എല്ലാവരെയും പൊതുജീവിതത്തിന് അര്‍ത്ഥവത്തായ സംഭാവന ചെയ്യാന്‍ പ്രാപ്തരാക്കുന്നു. അതിനാല്‍ തന്നെ പൊലീസില്‍ ലിംഗപരമായ കാഴ്ചപ്പാടും ലിംഗസമത്വവും പ്രാധാന്യമാകുന്നു. സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. പൊതുയിടങ്ങളും സ്വകാര്യയിടങ്ങളും തൊഴിലിടങ്ങളും വീടുകളും സൈബര്‍ ലോകവും എല്ലാം സാംസ്കാരികമായി അധഃപതിച്ചിരിക്കുന്നുവെന്നാണ് ക്രൈം റബില്‍ നിന്നും തിരിച്ചറിയേണ്ടത്. സാംസ്കാരികമായ പ്രവര്‍ത്തനത്തിലൂടെ തന്നെയാണ് ഈ പ്രതിലോമകരമായ അവസ്ഥയെ മറികടന്ന് സമൂഹത്തെയും നമ്മളെത്തന്നെയും വിമലീകരിക്കേണ്ടത്. നിയമം, നീതി, ന്യായം എന്നിവയെല്ലാം ഉയര്‍ന്ന സാംസ്കാരിക മൂല്യങ്ങള്‍ക്കുവേണ്ടിയാണ് മനുഷ്യന്‍ നിര്‍മ്മിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.