Site iconSite icon Janayugom Online

മാര്‍പ്പാപ്പയുടെ നില ഗുരുതരമായി തുടരുന്നു

ന്യൂമോണിയ ബാധിച്ച ചകിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാന്‍ അറിയിച്ചു. ശ്വാസതടസ്സവും നേരിടുന്നതിനാല്‍ ഓക്സിജന്‍ നല്‍കുന്നുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. രോഗം അദ്ദേഹത്തിന്റെ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു. അതേസമയം ഞായറാഴ്ച്ച അദ്ദേഹം ആശുപത്രി മുറിയിലിരുന്ന് പ്രാർഥനയിൽ പങ്കെടുത്തു.ലോകമെങ്ങും തനിക്കായി പ്രാർഥിക്കുന്നവരോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് ദിവസമായി ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.ശനിയാഴ്ച രാവിലെ ശ്വസനതടസ്സം നേരിട്ടതിനെത്തുടർന്ന് അദ്ദേഹത്തിന് ഓക്സിജൻ നൽകേണ്ടിവന്നുവെന്നും, രക്തപരിശോധനാഫലം കണക്കിലെടുത്ത് രക്തം നൽകേണ്ടിവന്നുവെന്നും ശനിയാഴ്ച വൈകുന്നേരം വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അടക്കം അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു.

അദ്ദേത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും സഹപ്രവർത്തകരുമായി അദ്ദേഹം സംസാരിച്ചുവെന്നുമാണ് മെലോണി അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം അദ്ദേഹത്തിൻ്റെ നില വീണ്ടും ഗുരുതരമായെന്നും രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച അദ്ദേഹത്തിൻ്റെ ആൻ്റിബയോട്ടിക് ചികിത്സ തുടരുന്നുവെന്നും ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

Exit mobile version