കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇല്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞതിനെ തുടര്‍ന്ന് രജസ്ഥാന്‍ മുഖ്യമന്ത്രി അശോക്ഗെലോട്ടിനോട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് സോണിയഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ഗെലോട്ട് സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.രാഹുല്‍ ഗാന്ധിയെയും അദ്ദേഹം കാണും. ഇതിനിടെയാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ പ്രസിഡന്റ് വരണം എന്ന അഭിപ്രായക്കാരനാണ് ഗെലോട്ട്.
മാത്രമല്ല, ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയുമാണ്. സെപ്തംബര്‍ 20നകം പുതിയ പ്രസിഡന്റിനെ തീരുമാനിക്കും.സോണിയ ഗാന്ധിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇനിയും അധ്യക്ഷയാകാനില്ല എന്ന് അവര്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചിരിക്കുകയാണ്. താന്‍ പ്രസിഡന്റാകാനില്ല എന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി മാറ്റം വരുത്തിയിട്ടില്ല. പ്രിയങ്ക ഗാന്ധി പ്രസിഡന്റാകേണ്ട എന്നും രാഹുല്‍ നിലപാടെടുത്തു.
ഇതോടെയാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് പ്രസിഡന്റിനെ കണ്ടെത്താന്‍ ആലോചിക്കുന്നത്. നിലവില്‍ സോണിയ ഗാന്ധിയാണ് അധ്യക്ഷ. പുതിയ അധ്യക്ഷനായി അശോക് ഗെലോട്ട് എത്തണമന്നാണ് സോണിയയുടെ ആഗ്രഹം. ഗെലോട്ടിനോട് സോണിയ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടു. സോണിയ ഗാന്ധി ചികില്‍സാവശ്യാര്‍ഥം വിദേശത്തേക്ക് തിരിക്കുകയാണ്. രാഹുലും പ്രിയങ്കയും കൂടെ പോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഗെലോട്ട് ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയത്.രാഹുല്‍ ഗാന്ധിയാണ് അധ്യക്ഷനാകേണ്ടത് എന്നാണ് ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞത്.
രാഹുല്‍ തയ്യാറായില്ലെങ്കില്‍ പ്രവര്‍ത്തകര്‍ നിരാശരാകും. പ്രവര്‍ത്തകരുടെ വികാരം രാഹുല്‍ മനസിലാക്കണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു. സെപ്തംബര്‍ 20നകം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നാണ് പാര്‍ട്ടി ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയാണ് അശോക് ഗെഹ്ലോട്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിക്ക് തുണയായ വ്യക്തിയുമാണ്. സോണിയ ഗാന്ധി ആവശ്യപ്പെട്ടാല്‍ ഗെലോട്ടിനെ തള്ളാനാകില്ല. അതുകൊണ്ടുതന്നെയാണ് വിദേശത്തേക്ക് പോകുന്നതിന് മുമ്പ് തിടുക്കത്തില്‍ ഗെലോട്ടിനെ സോണിയ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.
എന്നാല്‍ ഗെലോട്ടുമായി ബന്ധമുള്ള നേതാക്കള്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഷെഡ്യൂള്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുക്ക് കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. ഇക്കാര്യം പ്രവര്‍ത്തക സമിതി യോഗത്തില്‍ അംഗീകരിക്കണം. ഞായറാഴ്ചയാണ് പ്രവര്‍ത്തക സമിതി യോഗം ചേരുക. അന്നാണ് തിരഞ്ഞെടുപ്പ് രീതികളും പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്ന തിയ്യതിയും തീരുമാനിക്കുക.കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
തുടര്‍ച്ചയായി തിരഞ്ഞെടുപ്പെടുകളില്‍ പരാജയപ്പെടുന്നതാണ് ഒരു വെല്ലുവിളി. മറുഭാഗത്ത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ ഉയര്‍ത്തുന്ന കലാപക്കൊടിയാണ്. ഗുലാം നബി ആസാദിന്റെയും ആനന്ദ് ശര്‍മയുടെയും പദവികളില്‍ നിന്നുള്ള രാജിയും അപ്രതീക്ഷിതമായിരുന്നു. 20 വര്‍ഷത്തിലധികമായി ഗാന്ധി കുടുംബാംഗങ്ങളാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്തിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഒഴിഞ്ഞ അദ്ദേഹം പിന്നീട് പ്രസിഡന്റാകാന്‍ തയ്യാറായിട്ടില്ല. ആരും തനിക്കൊപ്പമില്ലെങ്കിലും മോഡി സര്‍ക്കാരിനെതിരായ പോരാട്ടം തുടരുമെന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്.
English Summary:The position of Congress President; Sonia with pressure on Gelot
You may also like this video: