വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗവർണർ പദവിയിൽ അഴിച്ചുപണിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. തുടർച്ചയായി മൂന്ന് മുതൽ അഞ്ച് വർഷം വരെ പിന്നിട്ടവരെയാണ് മാറ്റുവാൻ സാധ്യത. അഞ്ച് വർഷം പിന്നിട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മൂന്ന് വർഷം പിന്നിട്ട ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയും മാറുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി മറ്റെവിടെയെങ്കിലും ഗവർണർ സ്ഥാനമോ മറ്റൊരു പദവിയോ നൽകുമെന്ന് സൂചനയുണ്ട്. നിലവിൽ ആന്റമാൻ നിക്കോബാറിന്റെ ലഫ്. ജനറലായ ദേവേന്ദ്ര കുമാർ ജോഷിക്ക് കേരളത്തിന്റെയോ ജമ്മു കാശ്‌മീരിന്റെയോ ചുമതല നൽകിയേക്കും. നാവികസേന മുൻ മേധാവി കൂടിയാണ് ദേവേന്ദ്ര കുമാർ ജോഷി. ജമ്മു കാശ്‌മീരിൽ നാല് വർഷത്തിലേറെയായി ലഫ്. ഗവർണർ മനോജ് സിൻഹയ്‌ക്കായിരുന്നു ഭരണചുമതല. ജമ്മു കാശ്‌മീരിൽ രാം മാധവ് പുതിയതായി ചുമതലയേൽക്കുമെന്നാണ് സൂചനകൾ. ബിജെപിയുടെ മുൻ ദേശീയ സെക്രട്ടറി ആണ് രാം മാധവ്. ആനന്ദിബെൻ പട്ടേൽ അഞ്ച് വർഷത്തിലേറെയായി ഉത്തർപ്രദേശ് ഗവർണർ ആയി പ്രവർത്തിക്കുകയാണ്. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, തമിഴ്‌നാട് ഗവർണർ ആർ എൻ രവി എന്നിവരും മൂന്ന് വർഷം വീതം ഒരേ പദവിയിലാണുള്ളത്. ഇതിലും മാറ്റമുണ്ടായേക്കും. ജമ്മു കാശ്‌മീരിലെയും ഹരിയാനയിലെയും പുതിയ സർക്കാർ രൂപീകരണത്തിന് ശേഷമോ മഹാരാഷ്‌ട്രയിലെയും ജാർഖണ്ഡിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമോ ആയിരിക്കും പുനഃസംഘടന നടക്കുക എന്നാണ് സൂചന.