മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പോക്കറ്റിലിരുന്ന ലിഥിയം പവർ ബാങ്ക് പൊട്ടിത്തെറിച്ച് യാത്രക്കാരൻ്റെ വസ്ത്രത്തിന് തീപിടിക്കുകയും പൊള്ളലേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് യാത്രക്കാരൻ ഖ്വാന്റാസ് ബിസിനസ് ലോഞ്ചിലിരിക്കെ പവർ ബാങ്കിൻ്റെ ബാറ്ററി ചൂടായി പൊട്ടിത്തെറിച്ചത്. പവർ ബാങ്ക് പൊട്ടിത്തെറിച്ചതോടെ ലോഞ്ച് ഏരിയ മുഴുവൻ പുക നിറഞ്ഞു. ഉടൻ തന്നെ സ്ഥലത്ത് നിന്ന് ഏകദേശം 150 ഓളം പേരെ ഒഴിപ്പിച്ചു. അപകടത്തിന് പിന്നാലെ പൊള്ളലേറ്റ യാത്രക്കാരന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രിയിലെത്തിച്ചു.
സംഭവം നടക്കുമ്പോൾ ലോഞ്ചിലുണ്ടായിരുന്ന ചലച്ചിത്ര നിർമാതാവ് ലീൻ ടോങ്ക്‌സ്, തീപിടിച്ചയാളെ രക്ഷിക്കാൻ ഒരാൾ മുന്നോട്ട് വന്നതും സ്റ്റാഫ് ഇടപെട്ട് ഷവറിനടിയിൽ കൊണ്ടുപോയതും എല്ലാവരെയും ലോഞ്ചിന് പുറത്താക്കിയതും എല്ലാം പെട്ടെന്നായിരുന്നു എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.

