Site iconSite icon Janayugom Online

കോണ്‍ഗ്രസിന്റെ അധികാരം രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നു; സോണിയഗാന്ധിക്ക് വലിയ തിരിച്ചടി

punjab congresspunjab congress

അധികാരത്തിലിരുന്ന പഞ്ചാബ് ഉള്‍പ്പെടെ കനത്ത പരാജയമാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ് നേരിട്ടിരിക്കുന്നത്. ചരിത്രത്തിലില്ലാത്ത വിധമുള്ള പ്രതിസന്ധിയിലൂടെയാണ് പാര്‍ട്ടി കടന്നു പോകുന്നത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ സംബന്ധിച്ചും വലിയ തിരിച്ചടിയാണിത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മുമ്പെങ്ങുമില്ലാത്ത വിധം സംസ്ഥാനങ്ങളില്‍ നിന്ന് തഴയപ്പെടുകയാണ്.

ഇതോടെ കോണ്‍ഗ്രസ് മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്നും പിന്തള്ളപ്പെടുകയാണോ. 1998 ല്‍ സോണിയാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി അധികാരമേറ്റപ്പോള്‍ മധ്യപ്രദേശ്, ഒഡീഷ, മിസോറം എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് പാര്‍ട്ടി അധികാരത്തിലിരുന്നത്. അവിടെ നിന്ന് സംസ്ഥാനങ്ങള്‍ തോറും വിജയിച്ച് 2004 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തി. 2014 ല്‍ കോണ്‍ഗ്രസ് ഒമ്പത് സംസ്ഥാനങ്ങളില്‍ അധികാരത്തിലായിരുന്നു.

എന്നാല്‍ 24 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇന്ന് കോണ്‍ഗ്രസ്. അന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരമുണ്ടായിരുന്നുവെങ്കില്‍ ഇന്ന് രാജസ്ഥാനിലും ഛത്തീസ്ഗഢിലും ആയി രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഭരിക്കുന്നത്. നരേന്ദ്രമോഡി പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഏഴ് വര്‍ഷത്തിനിടെ 40 തവണ പല തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടു.

അതിനിടെ 2016‑ല്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി, 2017‑ല്‍ പഞ്ചാബ്, 2018‑ല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത്. മധ്യപ്രദേശില്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പ് സര്‍ക്കാരിനെ ബി ജെ പി അട്ടിമറിച്ചു. ബി ജെ പി ഉയര്‍ത്തുന്ന വെല്ലുവിളി ഒരു തരത്തിലും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ല എന്നതാണ് ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകലാന്‍ കാരണം. ഇതാണ് മറ്റ് പാര്‍ട്ടികളിലേക്ക് വോട്ടര്‍മാര്‍ ഒഴുകാന്‍ കാരണം. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നാണ് ഇപ്പോള്‍ പുതിയ വെല്ലുവിളി കോണ്‍ഗ്രസ് ഇത്തരത്തില്‍ നേരിടുന്നത്.

ഡല്‍ഹി മോഡല്‍ എന്ന സ്വപ്നം പഞ്ചാബിലെ വോട്ടര്‍മാരെ ആം ആദ്മി കാണിച്ചു. ഇതിനു വിപരീതമായി, മറ്റൊരു സംസ്ഥാനത്തും കാണിക്കാന്‍ കഴിയുന്ന ഒരു ‘മാതൃക’ സംസ്ഥാന സര്‍ക്കാര്‍ വികസിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷ സംഘത്തിന്റെ കേന്ദ്ര ധ്രുവമാണെന്ന കോണ്‍ഗ്രസിന്റെ അവകാശവാദത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ് ആം ആദ്മിയുടേയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഉയര്‍ച്ച.

തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയില്‍ പരാജയപ്പെട്ടെങ്കിലും വിജയിച്ചെങ്കിലും എന്‍ സി പി പോലുള്ള സഖ്യകക്ഷികളും ആര്‍ ജെ ഡി പോലുള്ള കക്ഷികള്‍ ഉള്‍പ്പെടെയുള്ള പല പാര്‍ട്ടികളും ബിജെപി വിരുദ്ധ ഗ്രൂപ്പിംഗിന് ശൈലിയിലും സത്തയിലും നേതൃത്വത്തിലും ഒരു പുതിയ രൂപം ആവശ്യമാണെന്ന് കരുതുന്നു. സമാജ് വാദി പാര്‍ട്ടിയെപ്പോലെ പല പ്രാദേശിക പാര്‍ട്ടികളും ഇപ്പോള്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ പോലും വിമുഖത കാണിക്കുന്നു.

പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പോരിനായിരിക്കും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് സാക്ഷ്യംവഹിക്കുക. പാര്‍ട്ടിയില്‍ ജനാധിപത്യവല്‍ക്കരണം തേടാനുള്ള രാഹുല്‍ ഗാന്ധി വിരുദ്ധ ക്യാമ്പിന് മറ്റൊരു ആയുധമായി തെരഞ്ഞെടുപ്പ് ഫലം മാറും. കോണ്‍ഗ്രസിന് താരതമ്യേന അന്യമായ ഒരു കൂട്ടായ നേതൃത്വ മാതൃക സ്ഥാപിക്കാനുള്ള ആഹ്വാനങ്ങള്‍ വിമത നേതാക്കളില്‍ നിന്നുണ്ടാകും. എന്നാല്‍ ജി-23‑ന്റെ ഭാഗമായിട്ടുള്ളവര്‍ അല്ലാതെ മറ്റേതെങ്കിലും നേതാക്കള്‍ക്ക് ഇതേക്കുറിച്ച് സംസാരിക്കാന്‍ ധൈര്യമുണ്ടോ എന്ന് കണ്ടറിയണം.

പാര്‍ട്ടിയിലെ വലിയൊരു വിഭാഗം രാഹുലിനെ തലപ്പത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. രാഹുല്‍ തയ്യാറായാല്‍ അദ്ദേഹത്തിന് അധ്യക്ഷ സ്ഥാനത്തെത്താന്‍ വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നേക്കില്ല. എന്നാല്‍ ഗാന്ധി കുടുംബത്തിന് ഇനിയും നേതൃസ്ഥാനം നല്‍കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യവും ഉയരും. പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിനേറ്റ നാണക്കേട് അവസാനത്തെ പ്രതീക്ഷയായ പ്രിയങ്ക ഗാന്ധിയെയും തകര്‍ത്തു. കോണ്‍ഗ്രസില്‍ ഇപ്പോഴും കുടുംബാധിപത്യത്തെ അംഗീകരിച്ച് അധികാരത്തില്‍ തൂങ്ങിക്കിടക്കുന്നവര്‍ രാഹുല്‍ഗാന്ധി ഉപജാപകവൃന്ദത്തിന്റെ ഭാഗമാണ്.

Eng­lish Sum­ma­ry: The pow­er of the Con­gress is con­fined to two states; Big set­back for Sonia Gandhi

You may also like this video:

Exit mobile version