Site iconSite icon Janayugom Online

സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത 7,000 മെഗാവാട്ട് കവിയും

സംസ്ഥാനത്തിന്റെ പീക്ക് വൈദ്യുത ഡിമാൻഡ് 2027 സാമ്പത്തിക വർഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട്. 2024 സാമ്പത്തിക വർഷത്തിൽ ഇത് 5,300 മെഗാവാട്ടായിരുന്നു. വൈദ്യുത വാഹന ചാർജിങ്ങും എസിയുടെ ഉപയോഗവുമാണ് വർധനവിന്റെ പ്രധാന കാരണങ്ങള്‍. പീക്ക് ഡിമാൻഡ് വർധനവിന്റെ 60 ശതമാനവും പ്രതീക്ഷിക്കുന്നത് പ്രസ്തുത മേഖലയിൽ നിന്നാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഈ വെല്ലുവിളികളെ നേരിടാൻ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ (ബെസ്), പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ (പിഎസ്‍പി) എന്നിവയുടെ വലിയ തോതിലുള്ള വിന്യാസം ആവശ്യമാണ്. 

സംസ്ഥാനത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയെയും ഗ്രിഡ് സ്ഥിരത വെല്ലുവിളികളെയും നേരിടാൻ ഊർജ സംഭരണ സംവിധാനങ്ങളുടെ (ഇഎസ‍്‍എസ്) സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായാണ് എനർജി മാനേജ്മെന്റ് സെന്റർ പഠനം നടത്തിയത്. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിന് റിപ്പോർട്ട് കൈമാറി. പുനരുപയോഗ ഊർജ വിന്യാസത്തിലും ഇലക്ട്രിക് വാഹന സ്വീകാര്യതയിലും കേരളം അതിവേഗ വളർച്ച കൈവരിക്കുന്നതിനാൽ, പീക്ക് പവർ ഡിമാൻഡ് ഗണ്യമായി വർധിച്ചതായി പഠനം വ്യക്തമാക്കുന്നു. ബാറ്ററി സംഭരണം ചെലവ് കുറഞ്ഞതും സാധ്യമായതുമായ ഒരു പരിഹാരമായി നിലവിൽ മാറിയിട്ടുണ്ട്. 

നിലവിലെ കേരളത്തിന്റെ പീക്ക് ഡിമാൻഡ് അനുസരിച്ച് ഏഴ് ജിഡബ്ല്യുഎച്ചില്‍ കൂടുതൽ ഊർജ സംഭരണ ശേഷി സംസ്ഥാനത്തുണ്ടാകണം. ബാറ്ററി ചെലവ് കുറയുന്നതും പ്രാദേശികമായി പ്രയോജനപ്പെടുത്താവുന്നതും ഇതിന് അനുകൂല ഘടകങ്ങളാണ്. കേരളത്തിലെ നിലവിലുള്ള വൈദ്യുതി സംഭരണ സംവിധാനങ്ങളിൽ സൗരോർജം ഉപയോഗിക്കുന്നത് കൂടുതൽ ചെലവ് കുറക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ശരിയായ സംഭരണ സാങ്കേതികവിദ്യ തെരഞ്ഞെടുക്കൽ, സംഭരണ സംവിധാനങ്ങൾ രൂപകല്പന ചെയ്യൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നൂതനമായ നയങ്ങൾ, സംരംഭങ്ങൾ എന്നിവ റിപ്പോർട്ടിലെ പ്രധാന ശുപാർശകളാണ്. 

Exit mobile version