Site iconSite icon Janayugom Online

കര്‍ണാടകയില്‍ അധികാര തര്‍ക്കം മുറുകുന്നു

കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ മോഹങ്ങള്‍ക്ക് തടയിട്ട്, മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവും ആഭ്യന്തര മന്ത്രിയുമായ ജി പരമേശ്വര രംഗത്തെത്തി. സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ഈ മാസം 20ന് സിദ്ധരാമയ്യ സര്‍ക്കാര്‍ അഞ്ചു വര്‍ഷ കാലാവധിയുടെ പകുതിയായ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മില്‍ അധികാരം പങ്കിടല്‍ കരാര്‍ ഉണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. ഇതിനിടയിലേക്കാണ് ദളിത് മുഖ്യമന്ത്രി വേണമെന്ന വാദം ശക്തമാക്കി പരമേശ്വരയുടെ കടന്നുവരവ്.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിലാണോ എന്ന ചോദ്യത്തിന് താന്‍ എപ്പോഴും മത്സരത്തിലുണ്ടെന്നും അതൊരു വലിയ പ്രശ്നമല്ലെന്നുമായിരുന്നു പരമേശ്വരയുടെ മറുപടി. “2013ല്‍ ഞാന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോഴാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അന്ന് പാര്‍ട്ടിയെ ജയിപ്പിച്ചതിന്റെ ക്രെഡിറ്റ് ഞാന്‍ അവകാശപ്പെട്ടിട്ടില്ല. ആ തെരഞ്ഞെടുപ്പില്‍ ഞാന്‍ പരാജയപ്പെട്ടതുകൊണ്ട് മാത്രമാണ് അന്ന് അവസരം നഷ്ടമായത്. 

ജയിച്ചിരുന്നുവെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ,” പരമേശ്വര പറഞ്ഞു. എസ്‌സി/എസ്‌ടി സമുദായത്തില്‍ നിന്നുള്ള പ്രമുഖ മന്ത്രിമാരായ എച്ച് സി മഹാദേവപ്പ, സതീഷ് ജാര്‍ക്കിഹോളി എന്നിവരുമായി പരമേശ്വര നടത്തിയ തുടര്‍ച്ചയായ കൂടിക്കാഴ്ചകള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. അധികാരം പങ്കിടല്‍ സംബന്ധിച്ച ആശയക്കുഴപ്പം പാര്‍ട്ടി അധ്യക്ഷനോടാണ് ചോദിക്കേണ്ടതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കാണാന്‍ തനിക്ക് ഇപ്പോള്‍ പദ്ധതിയില്ലെന്നും പരമേശ്വര പറഞ്ഞു. അതേസമയം, രാഷ്ട്രീയ നീക്കങ്ങള്‍ സജീവമായതോടെ സിദ്ധരാമയ്യ ഡല്‍ഹിയില്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

Exit mobile version