ജില്ലാ-സംസ്ഥാന ഉപഭോക്തൃ കമ്മിഷനുകള്‍ക്ക് പരിഗണിക്കാവുന്ന കേസുകളുടെ സാമ്പത്തിക പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ 2019ല്‍ വരുത്തിയ ഭേദഗതികളുടെ അടിസ്ഥാനത്തില്‍ രൂപം നല്കിയ ചട്ടങ്ങളിലൂടെയാണ് സാമ്പത്തിക അധികാരം വെട്ടിക്കുറച്ചത്. ഡിസംബര്‍ 28നാണ് ചട്ട ഭേദഗതി വിജ്ഞാപനമായി പുറപ്പെടുവിച്ചത്. വന്‍കിട വ്യാപാരികളെയും കോര്‍പറേറ്റുകളെയും സഹായിക്കുന്നതാണ് ഭേദഗതിയെന്ന് വ്യക്തമാണ്.
ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങളോ സേവനങ്ങളോ സംബന്ധിച്ച് പരാതി ഉയര്‍ന്നാല്‍ ജില്ലാ ഉപഭോക്തൃ കമ്മിഷനുകള്‍ക്ക് 50 ലക്ഷം രൂപ വരെയുള്ള കേസുകളേ ഇനി പരിഗണിക്കാനാകൂ. നിലവില്‍ ഇത് ഒരു കോടി രൂപ വരെയായിരുന്നു. സംസ്ഥാന കമ്മിഷനുകള്‍ക്ക് ഒരു കോടി മുതല്‍ പത്ത് കോടി രൂപവരെയുള്ള ഉപഭോക്തൃ തര്‍ക്കങ്ങളില്‍ ഇടപെടാന്‍ കഴിയുമായിരുന്നത് 50 ലക്ഷം മുതല്‍ രണ്ടു കോടി രൂപവരെയായി ചുരുക്കുകയും ചെയ്തു.
നിലവില്‍ ദേശീയ ഉപഭോക്തൃ കമ്മിഷന്‍ പരിഗണിച്ചിരുന്ന തര്‍ക്ക പരിഹാര കേസുകള്‍ പത്ത് കോടി രൂപയ്ക്ക് മുകളിലുള്ളത് മാത്രമായിരുന്നു. പുതുക്കി നിശ്ചയിച്ച ചട്ടങ്ങള്‍ പ്രകാരം രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാരങ്ങളില്‍ ഇനി തീര്‍പ്പു കല്‍പ്പിക്കേണ്ടത് ദേശീയ ഉപഭോക്തൃ കമ്മിഷനാണ്. ഉപഭോക്തൃ കേസുകളില്‍ ടെസ്റ്റിങ് ആവശ്യമില്ലാത്ത കേസുകള്‍ മൂന്നു മാസത്തിനുള്ളില്‍ പരിഹരിക്കണമെന്നാണ് നിയമം വിവക്ഷ ചെയ്യുന്നത്. ടെസ്റ്റിങ്ങോ പരിശോധനകളോ ആവശ്യമുള്ള കേസുകളില്‍ അഞ്ചു മാസവും. എന്നാല്‍ പുതിയ വിജ്ഞാപന പ്രകാരം രണ്ടു കോടിക്കു മുകളിലുള്ള കേസുകള്‍ ദേശീയ കമ്മിഷനു മുന്നിലേക്ക് എത്തുന്നതോടെ തര്‍ക്ക പരിഹാരത്തിന് നിയമം അനുശാസിക്കുന്ന സമയ പരിധി പാലിക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടാകും.
ജില്ലാ സംസ്ഥാന കമ്മിഷനുകളെ നിയോഗിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. ദേശീയ കമ്മിഷനെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരും. അതുകൊണ്ടുതന്നെ ദേശീയകമ്മിഷന് കൂടുതല്‍ അധികാരം നല്കിയതുവഴി കോര്‍പറേറ്റുകള്‍ക്കും അനുബന്ധ വന്‍കിട കച്ചവടക്കാര്‍ക്കും എതിരെയുള്ള സാധാരണക്കാരന്റെ നിയമ പോരാട്ടത്തിന് അവസരം നിഷേധിക്കുന്ന സാഹചര്യമാകും ഉടലെടുക്കുക.
ENGLISH SUMMARY:The powers of the district and state consumer commissions were curtailed
You may also like this video