Site icon Janayugom Online

വില കുറവാണ്; പക്ഷേ ഈ കാര്‍ ആര്‍ക്കും വേണ്ട, കാരണം ഇതാണ്

എസ്‌യുവിയടക്കം ട്രെന്‍ഡിംഗായ പല വാഹന സെഗ്‌മെന്റുകള്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ വിറ്റ്‌വരവുള്ളത് ചെറുകാറുകള്‍ അതായത് ബജറ്റ് വിലയിലുള്ള കാറുകള്‍ക്കാണ്. ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന മധ്യവര്‍ഗ കുടുംബങ്ങളുടെ കാര്‍ എന്ന മോഹം പൂവണിയുന്നത് ഈ കാറുകള്‍ ഉള്ളതുകൊണ്ടാണ്.
ഇത്തരത്തില്‍ പല കാറുകളും ഒരു മാസത്തില്‍ 10,000 യൂണിറ്റുകളുടെ വില്‍പ്പന എളുപ്പത്തില്‍ നേടിയെടുക്കുന്നുണ്ട്. എന്നാല്‍ മാസം 5,000 യൂണിറ്റ് പോലും വില്‍പ്പന നേടാന്‍ കഴിയാത്ത ഒരു കാര്‍ ഉണ്ട്. കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞാല്‍ പ്രതിമാസ വില്‍പ്പന 1000 യൂണിറ്റിലും താഴെയുള്ള താങ്ങാവുന്ന വിലയിലുള്ള ഒരു കാര്‍. ആള്‍ ഒരു വിദേശിയാണ്. പറഞ്ഞ് വരുന്നത് റെനോക്വിഡിനെ കുറിച്ചാണ്.
എന്തുകൊണ്ടായിരിക്കും താങ്ങാവുന്ന വിലയിലുള്ള ഒരു എന്‍ട്രി ലെവല്‍ കാറായിരുന്നിട്ട് കൂടി ജനങ്ങള്‍ ഇതിനെ തഴയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി റെനോ ക്വിഡിന് വില്‍പ്പനയില്‍ ഇടിവ് നേരിടുകയാണ്. 2023 മെയ് മാസത്തില്‍ റെനോ ക്വിഡിന്റെ 797 യൂണിറ്റുകള്‍ മാത്രമാണ് വിറ്റുപോയത്.
ക്വിഡിന്റെ നേരിട്ടുള്ള എതിരാളിയാണ് മാരുതി ആള്‍ട്ടോ. പോയ മാസം ആള്‍ട്ടോയുടെ 9368 യൂണിറ്റുകളാണ് ഷോറൂമില്‍ നിന്നിറങ്ങിയത്. ആള്‍ട്ടോ നേടിയ വില്‍പ്പനയുടെ 10 ശതമാനം പോലും സ്വന്തമാക്കാന്‍ ക്വിഡിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പതിറ്റാണ്ടുകളായി വിശ്വാസം നേടി വിപണിയില്‍ കാലുറപ്പിച്ചിരിക്കുന്ന മാരുതിയുടെ കാറുകളോടാണ് ഏറ്റമുട്ടുന്നതെന്നോര്‍ക്കണം. ക്വിഡിന്റെ അതേ വിലയില്‍ മാരുതിയുടെ ഒന്നിലേറെ മോഡലുകള്‍ വാങ്ങാം. ആള്‍ട്ടോ, എസ്-പ്രെസോ, സെലെരിയോ തുടങ്ങിയ മാരുതി കാറുകളാണ് ക്വിഡിന്റെ അതേ പ്രൈസ് റേഞ്ചില്‍ വരുന്നത്. അതിനാല്‍ വാങ്ങുന്നവര്‍ വിശ്വാസ്യതയും സര്‍വീസ് കോസ്റ്റും മറ്റുമെല്ലാം പരിഗണിച്ച് മനസ്സമാധാനമല്ലേ വലുതെന്ന് കരുതി മാരുതിക്ക് പിന്നാലെ തന്നെ പോകും. മറ്റൊരു കാരണം ക്വിഡിന്റെ കാലഹരണപ്പെട്ട ഡിസൈനും ഒരു തിരിച്ചടിയാണ്.

കഴിഞ്ഞ വര്‍ഷം മാരുതി ആള്‍ട്ടോ കിടിലന്‍ അപ്‌ഡേറ്റുകളോടെ പുറത്തിറക്കിയിരുന്നു. ആള്‍ട്ടോ പോലൊരു ജനപ്രിയ മോഡലുമായി മത്സരിക്കുമ്പോള്‍ വണ്ടി കാലികമായി നിലനിര്‍ത്താന്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ ശ്രദ്ധിച്ചേ മതിയാകൂ. ഒപ്പം തന്നെ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കാരണം 800 സിസി എഞ്ചിന്‍ നിര്‍ത്തലാക്കിയതും ക്വിഡിന്റെ വില്‍പ്പനയെ സാരമായി ബാധിച്ചുവെന്ന് വേണം കരുതാന്‍.അനുദിനം മത്സരം ശക്തമായ ഇന്ത്യന്‍ വിപണിയില്‍ പിടിച്ച് നില്‍ക്കാന്‍ റെനോ കാര്യമായി എന്തെങ്കിലും ചെയ്യണം. ക്വിഡ്, കൈഗര്‍, ട്രൈബര്‍ എന്നിങ്ങനെ മുന്ന് മോഡലുകളാണ് റെനോ നിലവില്‍ വില്‍ക്കുന്നത്. പതിറ്റാണ്ടുകളായി ഇന്ത്യന്‍ വിപണിയില്‍ പയറ്റി പരിചയമുള്ള വാഹന നിര്‍മാതാക്കള്‍ കഴിഞ്ഞ മാസം 4625 കാറുകള്‍ മാത്രമാണ് വിറ്റതെന്നോര്‍ക്കണം. വില്‍പ്പന കൂട്ടുന്നതിനായി റെനോ പുത്തന്‍ മോഡലുകള്‍ അവതരിപ്പിച്ചേ മതിയാകൂ. സമീപഭാവിയില്‍ തന്നെ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിന്റെ തലതൊട്ടപ്പനായ ഡസ്റ്ററിന്റെ പുതുതലമുറ പതിപ്പ് വരാനിരിക്കുന്നുണ്ട്.

അതോടെ കളി മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം. അതിന് കുറച്ച് മാസങ്ങള്‍ എടുക്കും. ആഗോള വിപണിയില്‍ റെനോ വില്‍ക്കുന്ന ചില ഉല്‍പ്പന്നങ്ങള്‍ കണ്ടാല്‍ നമ്മുടെ കണ്ണ് തള്ളിപ്പോകും. എന്നിരുന്നാലും ഇവിടുത്തെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ അവയില്‍ ചിലതെങ്കിലും കമ്പനി കൊണ്ടുവന്നാല്‍ നന്നായിരിക്കും. അര്‍ക്കാന, മെഗെയ്ന്‍ ഇ‑ടെക്, കോലോസ് എന്നീ മോഡലുകള്‍ ഇന്ത്യന്‍ തീരത്തെത്തിക്കാന്‍ ഫ്രഞ്ച് വാഹന ഭീമന്‍മാര്‍ക്ക് പ്ലാനുണ്ടെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ റെനോയുടെ തലവര തെളിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കാം.

eng­lish summary;The price is low; But no one wants this car because of this

you may also like this video;

Exit mobile version