Site iconSite icon Janayugom Online

അമ്പലപ്പുഴ പാൽപായസത്തിന്റെ വില ലിറ്ററിന് 160 രൂപയിൽ നിന്ന് 240 ആക്കി

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ ഹൈകോടതിയുടെ അനുമതി. പാൽ പായസത്തിന്​ ലിറ്ററിന് 160ൽ നിന്ന് 240 രൂപയാക്കി വില വർധിപ്പിക്കാനാണ് അനുമതി. വില വർധന പ്രാബല്യത്തിലായി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് വില വര്‍ധനക്ക്​ അനുമതി നൽകിയത്. ഒമ്പത് വർഷത്തിന് ശേഷമാണ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽ പായസത്തിന്​ വില വർധിപ്പിക്കുന്നത്.

പായസ നിർമാണത്തിനാവശ്യമായ പാൽ, അരി, പഞ്ചസാര, നെയ്യ്, ഏലക്ക തുടങ്ങിയവയുടെ വില വർധിച്ച സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈകോടതിയെ സമീപിച്ചത്. വില വർധനയെ സ്റ്റേറ്റ് ഓഡിറ്റ് വിഭാഗവും അനുകൂലിച്ചു. ഗുണ നിലവാരം ഉറപ്പാക്കണമെന്ന്​ കോടതി നിർദേശിച്ചു. നിരക്ക് പുതുക്കാൻ സ്ഥിരം സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് വിശദീകരിക്കാൻ ദേവസ്വം ബോർഡിനോടും സർക്കാറിനോടും നിർദേശിച്ച കോടതി ഹരജി ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Exit mobile version