Site iconSite icon Janayugom Online

സംഭരിച്ച നെല്ലിന്റെ വില നല്‍കി തുടങ്ങി; കര്‍ഷകര്‍ക്ക് ആശ്വാസം

paddypaddy

രണ്ടാം കൃഷിയുടെ ഭാഗമായി സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില വിതരണം കാര്യക്ഷമമാക്കാൻ സർക്കാർ ഇടപെട്ടതോടെ നെൽക്കർഷകർ ആശ്വാസത്തിൽ. ഇന്ന് മാത്രം 6.78 കോടി രൂപ സംസ്ഥാനത്തെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തിയതായി സപ്ലൈകോ പാഡി മാർക്കറ്റിങ് മാനേജർ സുനിൽകുമാർ വ്യക്തമാക്കി. 129 കോടി രൂപയാണ് ആകെ സംസ്ഥാന സർക്കാർ അനുവദിച്ചത്. പണം ലഭ്യമായതോടെ മാസങ്ങൾ നീണ്ട പ്രതിസന്ധിയും അനിശ്ചിതത്വവുമാണ് ഒഴിവായത്. മില്ലുടമകളുടെ നിസ്സഹകരണം കാരണം നെല്ല് സംഭരണം ആഴ്ചകളോളം മുടങ്ങിക്കിടന്നിരുന്നു. അവിടെയും ആശ്വാസമായത് സപ്ലൈകോയുടെയും കൃഷിവകുപ്പിന്റെയും ക്രിയാത്മകമായ ഇടപെടലുകളായിരുന്നു. 

കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ 13,000 കർഷകരുടെ പക്കൽനിന്നാണ് ഇതുവരെ നെല്ല് സംഭരിച്ചത്. ഇവർക്കെല്ലാം കൂടി 28.24 കോടി രൂപയാണ് നൽകാനുള്ളത്. ആദ്യഘട്ടത്തിൽ 3.60 കോടി രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ആദ്യം പേമെന്റ് ഓർഡർ നൽകിയത് പി ആർഎസ് നൽകിയ മുറയ്ക്കായിരുന്നെങ്കിൽ ഇപ്പോൾ പാടശേഖരമാണ് അടിസ്ഥാനമാക്കുന്നത്. 

നെല്ല് സംഭരിച്ച് രണ്ട് മാസം പിന്നിട്ട ശേഷമാണ് പണം നൽകി തുടങ്ങിയത്. ബാങ്കുകൾ വഴി പിആർഎസ് വായ്പ നൽകിയിരുന്നപ്പോൾ നെല്ല് നൽകി ഒരാഴ്ചക്കകം വില കർഷകരുടെ അക്കൗണ്ടിൽ ലഭിച്ചിരുന്നു. ഇനിമുതൽ സപ്ലൈകോ നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകുമെന്നാണ് അറിയിപ്പ്.
5,149 ഹെക്ടറിലാണ് കൊയ്ത്തുനടന്നത്. ഇനി 4,432 ഹെക്ടർ കൂടി കൊയ്യാനുണ്ട്. തുലാമഴ തുടങ്ങിയതോടെ കൊയ്ത്തിന് പ്രതിസന്ധി നേരിടുന്നുണ്ട്. സംഭരണവില കിലോഗ്രാമിന് 28.20 രൂപയെന്ന് നിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നു. പണം നേരിട്ട് കർഷകർക്ക് നൽകാൻ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ബാങ്കുകളുടെ കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ഇതുവരെ കുട്ടനാട്ടിൽ 25,791 മെട്രിക് ടൺ നെല്ല് സംഭരിച്ചു കഴിഞ്ഞു. 9581 ഹെക്ടറിലാണ് കൃഷി ചെയ്തിരുന്നത്. 

നെല്ല് സംഭരിച്ച വകയിൽ കേന്ദ്ര വിഹിതത്തിൽ നിന്ന് 585 കോടി രൂപയാണ് സപ്ലൈകോയ്ക്ക് ലഭിക്കാനുള്ളത്. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. ഇത് കൂടി ലഭിച്ചെങ്കിൽ മാത്രമേ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിയൂ.
സംസ്ഥാന സർക്കാരിൽ നിന്ന് നൽകാനുള്ള തുക അനുവദിക്കുന്നത് മാത്രമാണ് കർഷകരുടെ ഏക ആശ്വാസം. 55 മില്ലുകളാണ് കുട്ടനാട്ടിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കരാറിലേർപ്പെട്ടിരിക്കുന്നത്. മഴശക്തമാകുന്നതിന് മുൻപ് തന്നെ കൊയ്ത്ത് പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. 

Eng­lish Sum­ma­ry: The price of stored pad­dy began to be paid; Relief for farmers

You may also like this video

Exit mobile version