Site iconSite icon Janayugom Online

വികസന നേട്ടങ്ങളുയർത്തി പ്രധാനമന്ത്രിയും വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും; ശ്രദ്ധേയമായി ജില്ലാ മിഷൻ ബാല പാർലമെന്റ്

മുനയുള്ള ചോദ്യങ്ങളും കരുത്തുറ്റ മറുപടികളും അടിയന്തിര പ്രമേയവും പ്രതിപക്ഷ വാക്കൗട്ടുമെല്ലാം ചേർന്ന് പാർലമെന്റിനെ അനുസ്മരിപ്പിക്കുന്ന കുട്ടികളുടെ പ്രകടനം. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി രംഗത്തെത്തിയപ്പോൾ സർവ മേഖലകളിലുമുള്ള വികസന മുരടിപ്പാണ് പ്രതിപക്ഷ നേതാവ് സഭയിൽ ഉയർത്തിയത്. ശക്തമായ വാദപ്രതിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ശബ്ദ വോട്ടോടെ നന്ദി പ്രമേയം പാസാക്കിയപ്പോൾ വേറിട്ട അനുഭവമായി മാറുകയായിരുന്നു കുടുംബശ്രീ ജില്ലാ മിഷൻ ബാലപാർലമെന്റ്. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുടെ കരുത്തും ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന ബാലപാർലമെന്റിൽ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി വിഷയങ്ങളാണ് ചർച്ച ചെയ്തത്. ലഹരി ഉപയോഗം തടയാനുള്ള നടപടികൾ മുതൽ പുതിയ വിദ്യാഭ്യാസ നയം വരെ ചർച്ചയായി. കായിക- വിദ്യാഭ്യാസ‑ശാസ്ത്ര സാങ്കേതിക മേഖലയിലെ മുന്നേറ്റമാണ് വികസന നേട്ടമായി പ്രധാനമന്ത്രി എടുത്തു കാട്ടിയത്. ഇതിനെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 

വർധിക്കുന്ന ലഹരി ഉപയോഗം, പൊതു കളിസ്ഥലം, മഞ്ഞപ്പിത്തം, വിളർച്ച കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ, കുട്ടികൾക്കെതിരായ അതിക്രമം, ബാലവേല എന്നിവയെല്ലാം ചർച്ചയിൽ ഉയർന്നു. വിദ്യാലയ പരിസരത്തെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ സ്വീകരിച്ച നടപടികൾ ആഭ്യന്തര മന്ത്രി വിശദീകരിച്ചു. മാവോയിസ്റ്റ്, കുറുവ ഭീഷണി പ്രശ്നത്തിൽ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചത്. ഈ വിഷയങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ബാല പാർലമെന്റ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി സി കവിത അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ആർ അനഘ, അസി. കോർഡിനേറ്റർ പി എൻ സുശീല, റിസോഴ്സ് പേഴ്സൺ പി കെ ഷിംജിത്ത് സംസാരിച്ചു. കെ കെ ജന്നയായിരുന്നു പ്രസിഡന്റ്. ചന്ദന ചന്ദ്രൻ പ്രധാനമന്ത്രിയായും ടി കെ അലൈഡ സ്പീക്കറായും സഞ്ജയ് സന്തോഷ് പ്രതിപക്ഷ നേതാവായും സഭയിലെത്തി. ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കുന്നതിന് അവസരമൊരുക്കാനാണ് ബാലപാർലമെന്റുകൾ സംഘടിപ്പിക്കുന്നത്

Exit mobile version