Site iconSite icon Janayugom Online

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി; നാടോടി ഗായിക നേഹ സിങ് റാത്തോറിനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ച് പ്രശസ്ത നാടോടി ഗായിക നേഹ സിങ് റാത്തോറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒരു ആക്ഷേപഹാസ്യ ഗാന വീഡിയോയിലൂടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി എന്നാണ് ആരോപണം. സാധന ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടനയുടെ പ്രസിഡൻ്റ് ഡോ. സൗരഭ് മൗര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിഗ്ര പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

വീഡിയോയിൽ നേഹ പ്രധാനമന്ത്രിയെ ‘ഭീരു’, ‘ജനറൽ ഡയർ’ എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ച് ആക്ഷേപിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഈ വീഡിയോ പാകിസ്ഥാനിലെ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഭാരതീയ ന്യായ് സംഹിതയിലെ 197(1)(എ) (ദേശീയ ഐക്യത്തിന് ഹാനികരമായ പ്രവൃത്തി), 197(1)(ഡി) (ദേശീയ ഐക്യത്തിന് ഭീഷണിയായ തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ പ്രസ്താവനകൾ പ്രചരിപ്പിക്കുക), 353(2) (ക്രമസമാധാനവും സാമൂഹിക ഐക്യവും തകർക്കുക) എന്നീ വകുപ്പുകളാണ് നേഹക്കെതിരെ ചുമത്തിയിരിക്കുന്നത്.

Exit mobile version