Site iconSite icon Janayugom Online

ഭരണാനുകൂല ഗാനം ആലപിച്ചില്ല; ഇറാനില്‍ വീണ്ടും കുരുതി

ഇറാനിലെ സ്കൂളില്‍ നടത്തിയ റെയ്ഡിനിടെ സുരക്ഷാ സേനയുടെ മര്‍ദ്ദനമേറ്റ സ്കൂള്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. അ­സ്ര പനാഹി എന്ന 15 കാരിയാണ് മരിച്ചത്. ഒക്‌ടോബര്‍ 13ന് അര്‍ദാബിലിലെ ഷഹെദ് ഗേള്‍സ് ഹൈസ്കൂളിലാണ് സംഭവം. സ്‌കൂളിലെ കുട്ടികള്‍ ഭരണാനുകൂല ഗാനം ആലപിക്കണമെന്ന് സുരക്ഷാ സേന ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ സൈനികര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു.

സൈനികരുടെ അടിയേറ്റ് ഗുരുതര പരിക്കേറ്റ അസ്ര പനാഹി ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് ടീച്ചേഴ്‌സ് സിന്‍ഡിക്കേറ്റ് ഏകോപന സമിതിയുടെ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇറാന്‍ വിദ്യാഭ്യാസ മന്ത്രി യൂസഫ് നൂറി രാജി വയ്ക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഹിജാബ് പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഏഴ് പ്രവിശ്യകളിലായി 23 കുട്ടികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് മനുഷ്യാവകാശ ഓഫീസ് വക്താവ് രവിന ഷംദസാനി പറഞ്ഞു.

അതേസമയം കൗമാരക്കാരിയുടെ മരണത്തിന് ഉത്തരവാദിത്തം ഇറാനിയന്‍ സൈനിക അ­ധികൃതര്‍ നിഷേധിച്ചു. ജന്മനായുള്ള ഹൃദയസംബന്ധമായ അസുഖം മൂലമാണ് മരിച്ചതെന്ന് അവകാശപ്പെട്ട് അസ്രയുടെ ബന്ധു സ്റ്റേറ്റ് ടെലിവിഷനില്‍ പ്രസ്താവന നടത്തിയിട്ടുമുണ്ട്. ഹിജാബുമായി ബന്ധപ്പെട്ട് ഇ­റാനില്‍ ഒരുമാസത്തോളമായി സ്ത്രീകള്‍ പ്രക്ഷോഭരംഗത്താണ്. ഹിജാബ് ധരിക്കണമെന്ന രാജ്യത്തെ കര്‍ശന നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച്‌ കസ്റ്റഡിയിലെടുത്ത 22 കാരിയായ മ­ഹ്‌സ അമിനി കഴിഞ്ഞ മാസം കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. 

Eng­lish Summary:The pro-gov­ern­ment song was not sung; Again in Iran
You may also like this video

Exit mobile version