Site icon Janayugom Online

പടക്കപ്പൽ ബീച്ചിലെത്താന്‍ വൈകും

ആലപ്പുഴ: മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ നിന്നും എത്തിച്ച നീവിക സേനയുടെ ഡീകമ്മീഷൻ ചെയ്ത പടക്കപ്പലായ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ടി ‑81 ആലപ്പുഴ ബീച്ചിൽ സ്ഥാപിക്കാനുള്ള നടപടി വൈകുന്നു. പൈതൃക പദ്ധതിയിലെ കടൽപ്പാലം നവീകരണവുമായി ബന്ധപ്പെട്ട് ഇവിടെ സ്ഥിരമായി പ്രദർശിപ്പിക്കാനാണ് കപ്പൽ നാവിക സേനയുടെ പക്കൽ നിന്നും ഏറ്റുവാങ്ങിയത്.

ആലപ്പുഴയിലെത്തിച്ചെങ്കിലും ബീച്ചിലെത്തിക്കാനുള്ള പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. തണ്ണീർമുക്കത്തിൽ നിന്നും എത്തിച്ച കപ്പൽ ആലപ്പുഴ ബൈപ്പാസിൽ രണ്ടാഴ്ചയായി വിശ്രമത്തിലാണ്. കപ്പൽ ആലപ്പുഴ ബീച്ചിലേക്ക് എത്തിക്കുന്നത് സംബന്ധിച്ചുള്ള വിശദമായ രേഖകൾ സമർപ്പിക്കണമെന്നാണ് പൊതുമരാമത്ത് വിഭാഗം മുസിരിസ് പൈതൃക പദ്ധതി അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്ളൈ ഓവറിൽ കപ്പൽ കയറ്റുന്നതിന്റെ സാങ്കേതിക വശങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ടാകും നൽകുക. കപ്പൽ കൊണ്ടുവരുന്ന ഏജൻസി നേരത്തെ സമർപ്പിച്ച അപേക്ഷയ്ക്കൊപ്പം വിശദമായ പ്ലാൻ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് ദേശീയപാതാ അതോറിറ്റി പ്രതിനിധി യോഗത്തിൽ ചൂണ്ടിക്കാട്ടി.

നേരത്തെ റോഡ് മാർഗം കപ്പൽ എത്തിക്കുന്നതിനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ലെവൽ ക്രോസിലൂടെ കടത്തിക്കൊണ്ടുപോകുന്നതിനായി സമർപ്പിച്ച അപേക്ഷയിൽ റെയിൽവേ അനുമതി നൽകാത്ത സാഹചര്യത്തിലാണ് ഫ്ളൈ ഓവർ ഉപയോഗിക്കുന്നതിന് ശ്രമം ആരംഭിച്ചത്. കൊച്ചിയിൽ നിന്ന് വേമ്പനാട്ടുകായലിലൂടെ തണ്ണീർമുക്കത്തെത്തിച്ച കപ്പൽ ദേശീയപാതയിലൂടെ ദിവസങ്ങളെടുത്താണ് ആലപ്പുഴ ബൈപാസിലെത്തിച്ചത്.

മേൽപാലങ്ങളുള്ള ബൈപ്പാസിലുടെ കപ്പൽ കൊണ്ടുപോകുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി കിട്ടതാത്തതാണ് തടസം. ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലാണ് പൈതൃകപദ്ധതി മ്യൂസിയം. രണ്ട് വകുപ്പും കൈകാര്യം ചെയ്യുന്നത് ഒരുമന്ത്രിതന്നെയായിട്ടും ആശയക്കുഴപ്പം തീരുന്നില്ല. 60 ടണ്ണോളം ഭാരം വരുന്ന കപ്പൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് ഇറക്കുമ്പോൾ ബൈപാസിന് എന്തെങ്കിലും കേടുപാടുണ്ടാകുമോ എന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ ആശങ്ക. ഉത്തരവാദിത്തം ഏൽക്കാമന്ന് പൈതൃകപദ്ധതി അധികൃതർ പറയുന്നു. ബൈപ്പാസ് ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിലായതിനാൽ അവരാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്.

ബൈപ്പാസ് നിർമിച്ച കരാർ കമ്പനിയുടെയും അഭിപ്രായം തേടിയിട്ടുണ്ട്. കപ്പൽ കയറ്റിയ വാഹനം നിലവിൽ ബൈപ്പാസ് ടോൾ ബൂത്തിന്റെ സമീപത്താണുള്ളത്. ബൈപ്പാസിന്റെ തുടക്കത്തിൽ സൂക്ഷിച്ചിരിക്കുന്ന കപ്പൽ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. ആളുകൾ കൂടുന്നത് കാരണം ഗതാഗത തടസത്തിനും ഇടയാക്കുന്നുണ്ട്. അതേസമയം, രാജ്യത്തിന്റെ രക്ഷകനായി വിരാജിച്ച പടക്കപ്പൽ അനാഥമായി വഴിയരുകിൽ കിടക്കുന്നതിൽ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും കാരണമാകുന്നുണ്ട്. കടുത്ത അതൃപ്തിയാണ് പലരും രേഖപ്പെടുത്തിരിക്കുന്നത്. കൊല്ലം ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് കപ്പൽ എത്തിക്കുന്നതിനുള്ള കരാറെടുത്തിട്ടുള്ളത്. കപ്പൽ കൊണ്ടുവരുന്ന ഏജൻസി നേരത്തെ സമർപ്പിച്ച അപേക്ഷയ്ക്കൊപ്പം വിശദമായ പ്ലാൻ ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് ദേശീയപാതാ അതോറിറ്റിയും പറയുന്നത്

Exit mobile version