Site icon Janayugom Online

കര്‍ഷക ആത്മഹത്യയെന്ന പ്രചാരണം അടിസ്ഥാന രഹിതം ;ആനുകൂല്യങ്ങള്‍ നല്‍കാന്‍ ബാക്കിയില്ലെന്ന് കൃഷിവകുപ്പ്

തിരുവല്ലയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കര്‍ഷകനായ രാജീവ് സരസന് കൃഷിയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട മുഴുവന്‍ ആനുകൂല്യങ്ങളും കൃഷി വകുപ്പില്‍ നിന്നും നല്‍കിയിരുന്നതായി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് കര്‍ഷക ആത്മഹത്യയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.

നിരണം കൃഷി ഭവൻ പരിധിയിൽ വരുന്ന നിരണത്തുതടം പാടശേഖരത്തിൽ 2021 ‑22 വർഷത്തിൽ 1.87 ഏക്കർ നിലത്തിലും രാജീവ് സരസന്റെ ഭാര്യ പുഷ്പ്പമ്മയുടെ പേരിൽ 1.45 ഏക്കർ നിലത്തിലുമായി 3.3 ഏക്കറിലാണ് നെൽക്കൃഷി ചെയ്തിരുന്നത്. ഇതിനാവശ്യമായ ധനസഹായമെല്ലാം വകുപ്പില്‍ നിന്നും നല്‍കിയിരുന്നു. വിവിധ ഇനങ്ങളിലായി 19,307 രൂപയാണ് കൈമാറിയത്. ഈ വർഷം കൃഷി ചെയ്ത 3.3 ഏക്കറിൽ ഒരു ഏക്കർ ഒഴികെ ബാക്കിയുള്ള സ്ഥലത്തെ നെൽക്കൃഷിയുടെ വിളവെടുപ്പ് ഈമാസം ഏഴിന് പൂർത്തീകരിച്ചിരുന്നു. ഇവിടെ നിന്നുള്ള നെല്ല് സംഭരണ നടപടികൾ സപ്ലെകോ നടത്തി വരികയാണ്. കഴിഞ്ഞ വർഷം ഇദ്ദേഹം 2.2 എക്കർ സ്ഥലത്താണ് നെൽക്കൃഷി ചെയ്തിരുന്നത്.

അതിൽ 30 സെന്റ് സ്ഥലത്തെ നെൽക്കൃഷി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ പൂർണമായും നശിച്ചു. ഇതിനുള്ള ഇൻഷുറൻസ് തുകയായ 4200 രൂപ നൽകുകയും ബാക്കി സ്ഥലത്തെ നെല്ല് സപ്ലെകോ വഴി സംഭരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നെൽക്കൃഷിക്കായി ഇദ്ദേഹം മണിപ്പുഴ സ്റ്റേറ്റ് ബാങ്കിൽ നിന്നും 54,960 രൂപയാണ് വായ്പ എടുത്തിരുന്നത്. കൂടാതെ ഇന്ത്യൻ ബാങ്ക് നിരണം ശാഖയിൽ നിന്നും 1,25,000 എടുക്കുകയും കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ കുടിശ്ശിക അടച്ച് പുതുക്കുകയും ചെയ്തിട്ടുണ്ട്.

ഈ വായ്പക്ക് നിലവിൽ കുടിശ്ശിക ഇല്ല. ഈ വര്‍ഷം ജൂലൈയില്‍ മാത്രമെ കുടിശ്ശിക ആകുകയുള്ളു. മാത്രമല്ല, ഇദ്ദേഹത്തിന് കൃഷിയുമായി ബന്ധപ്പെട്ട് അനുവദിക്കേണ്ട മുഴുവൻ തുകയും സമയ ബന്ധിതമായി കൃഷി വകുപ്പിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ കൃഷിയുമായി ബന്ധപെട്ട ഒരു ആനുകൂല്യവും അനുവദിക്കാൻ ബാക്കിയില്ലായെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

Eng­lish summary;The pro­pa­gan­da of farmer sui­cide is baseless

You may also like this video;

Exit mobile version