നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് സാക്ഷികൾക്കു പുറമേ വിചാരണക്കോടതിയെ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ വാദം ഉന്നയിച്ച് പ്രോസിക്യൂഷൻ. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. പ്രതിഭാഗം അഭിഭാഷകനും ദിലീപിന്റെ സഹോദരീ ഭർത്താവ് ടി എൻ സുരാജും തമ്മിലുള്ള സംസാരമാണ് ഇതിലുള്ളത്.
പ്രതിഭാഗം വിചാരണക്കോടതിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയതിന്റെ തെളിവായി സുരാജിന്റെ ഫോണിൽ കണ്ടെത്തിയ രണ്ട് ശബ്ദ സന്ദേശങ്ങളാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. പ്രതിഭാഗം സ്വാധീനിച്ച സാക്ഷികളുടെ പട്ടികയും ഏതുവിധമാണ് ഇത്തരം സാക്ഷികളെ പ്രതികളും അവരുടെ അഭിഭാഷകരും ചേർന്നു വശത്താക്കിയതെന്നുമുള്ള റിപ്പോർട്ടും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
വാദത്തിനിടെ ‘ദിലീപിന്റെ ഭാഗം മുഴുവൻ ശരി, പ്രോസിക്യൂഷന്റെ ഭാഗം മുഴുവൻ തെറ്റ് എന്നാണ് കോടതി കരുതുന്നത്’ എന്ന് പ്രോസിക്യൂട്ടർ പറഞ്ഞത് വിചാരണക്കോടതിയെ പ്രകോപിപ്പിച്ചു. ഇത്തരം പരാമർശത്തിനെതിരെ കോടതി മുന്നറിയിപ്പ് നൽകി. ദിലീപിന്റെയോ പ്രോസിക്യൂഷന്റെയോ രക്ഷകയല്ലെന്നും നീതി ഉറപ്പാക്കുകയാണ് കോടതിയുടെ കർത്തവ്യമെന്നും ജഡ്ജി ഹണി എം വർഗീസ് വ്യക്തമാക്കി.
പീഡനക്കേസിലെ പ്രതിയായ ദിലീപ് അതേ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് ദിലീപിനെതിരെ പ്രഥമദൃഷ്ടിയിൽ നിലനിൽക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാര്യം പ്രോസിക്യൂഷൻ വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ജാമ്യ ഹർജി തള്ളുന്നതും ജാമ്യം അനുവദിക്കുന്നതും പോലെയല്ല പ്രതിക്ക് ഒരിക്കൽ നൽകിയ ജാമ്യം റദ്ദാക്കുന്നത്, അതിനു തക്കതായ ഗൗരവമുള്ള കാരണം കോടതി മുൻപാകെ അവതരിപ്പിക്കാൻ പ്രോസിക്യൂഷന് കഴിയണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നതിനുള്ള കാരണങ്ങൾ തെളിവുസഹിതം ഹാജരാക്കാൻ 26 വരെ കോടതി സമയം അനുവദിച്ചു.
English summary;The prosecution said that Dileep also tried to influence the court
You may also like this video;