പഞ്ചാബിലെ മൂന്ന് നഗരങ്ങളെ പുണ്യ നഗരങ്ങളായി പ്രഖ്യാപിച്ച പ്രമേയം പാസാക്കി. പിന്നാലെ ഈ പ്രദേശങ്ങളിൽ ബീഫ്, മദ്യം, പുകയില വസ്തുക്കൾ എന്നിവയുടെ വാങ്ങലും വിൽപനയും നിരോധിച്ച് സർക്കാർ ഉത്തരവിട്ടു. രൂപ്‌നഗർ ജില്ലയിലെ അനന്ദ്പൂർ സാഹിബ്, ബത്തിൻഡയിലെ തൽവാണ്ടി സാബോ, അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന് സമീപമുള്ള ഗാലിയാര എന്നീ പ്രദേശങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഒൻപതാമത് സിഖ് ഗുരുവായ ഗുരു തേഗ് ബഹദൂറിൻ്റെ രക്തസാക്ഷിത്വം ആചരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ മൂന്ന് സ്ഥലങ്ങളെയും പുണ്യ നഗരമായി പ്രഖ്യാപിച്ചത്. ഗുരു തേഗ് ബഹദൂറിൻ്റെ ഓർമ്മദിനത്തിൽ പ്രണാമം അർപ്പിക്കുന്നതിനായി ആദ്യമായാണ് പഞ്ചാബ് നിയമസഭ ഇത്തവണ തലസ്ഥാനത്തിന് പുറത്ത് ചേർന്നത്.
ഈ മൂന്ന് സ്ഥലങ്ങളും പുണ്യ നഗരങ്ങളായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി പഞ്ചാബ് ജനത ആവശ്യപ്പെടുന്നതാണെന്നും, അതുകൊണ്ട് തന്നെ ഇത്തരം ഒരു തീരുമാനം എടുക്കാൻ ഈ സർക്കാരിന് സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ പറഞ്ഞു. അതേസമയം, അമൃത്സർ, ശ്രീ ആനന്ദ്പൂർ സാഹിബ്, തൽവാണ്ടി സാബോ എന്നിവിടങ്ങളിൽ നേരത്തെ തന്നെ പുണ്യ നഗരമായാണ് കണക്കാക്കപ്പെടുന്നതെന്നും, അവിടെ കാലങ്ങളായി മദ്യവും സിഗരറ്റും ഇറച്ചിക്കടകളുമില്ലെന്ന് കോൺഗ്രസ് എം എൽ എ പാർഗട്ട് സിംഗ് പ്രതികരിച്ചു. മുഴുവൻ നഗരത്തിലുമാണോ അതോ ഈ സ്ഥലങ്ങളിലേക്ക് കടക്കുന്ന ഇടനാഴികളിലാണോ ഇത്തരം കച്ചവടം നിരോധിച്ചതെന്ന് വ്യക്തമാക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടിരിക്കുകയാണെന്നും കോൺഗ്രസ് എം എൽ എ കൂട്ടിച്ചേർത്തു.

