Site iconSite icon Janayugom Online

ട്രംപിന് ഖത്തര്‍ രാജകുടുംബം 40 കോടി ഡോളറിന്റെ വിമാനം സമ്മാനിക്കും

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഖത്തര്‍ രാജകുടുംബം 40 കോടി ഡോളറിന്റെ വിമാനം സമ്മാനമായി നല്‍കുമെന്ന് റിപ്പോര്‍ട്ട്. ബോയിങ് 747–8 എന്ന വിമാനമാണ് ഖത്തര്‍ ട്രംപിന് സമ്മാനിക്കുക. ഒരു യുഎസ് പ്രസിഡന്റിന് ലഭിക്കുന്ന ഏറ്റവും മൂല്യം കൂടിയ സമ്മാനമാണിത്. റിപ്പോര്‍ട്ടിനു പിന്നാലെ ട്രംപിനെതിരെ ആരോപണവുമായി ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. ഭരണഘടന പ്രകാരം സര്‍ക്കാരിന് ഇത്തരത്തിലൊരു സമ്മാനം വിദേശസര്‍ക്കാരില്‍ നിന്ന് സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ഇത് കൈക്കൂലിയാണെന്നുമാണ് വിമര്‍ശനം.
എന്നാല്‍ ഖത്തറിന്റെ സമ്മാനം സ്വീകരിച്ചേക്കുമെന്ന് പറഞ്ഞ ട്രംപ് ഈ കൈമാറ്റം പൂര്‍ണമായും സുതാര്യമാണെന്നും അവകാശപ്പെട്ടു. 

സമ്മാനം പ്രതിരോധ വകുപ്പിനാണ് കിട്ടിയതെന്നും എയര്‍ഫോഴ്‌സിലെ 40 വര്‍ഷം പഴക്കമുള്ള എയര്‍ഫോഴ്‌സ് വണ്ണിന് പകരമായി ഉപയോഗിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അധികാരമൊഴിയുമ്പോള്‍ സമ്മാനം പ്രസിഡന്‍ഷ്യല്‍ ലെെബ്രറിയിലേക്ക് മാറ്റും. അതേസമയം, വിമാനം കൈ­മാറുന്ന കാര്യം ഇപ്പോഴും പരിഗണനയിലാണെന്നും അ­ന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഖത്തര്‍ വക്താവ് അലി അല്‍-അന്‍സാരി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. മൂന്ന് ദിവസത്തെ പര്യടനത്തി നായി ട്രംപ് ഖത്തറിലെത്തുമ്പോള്‍ ആഡംബര സമ്മാനത്തിന്റെ പ്രഖ്യാപനമുണ്ടാവുമെന്നാണ് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version