Site iconSite icon Janayugom Online

ജിംനാസ്റ്റിക്സ് റാണി നാളെ ഇറങ്ങുന്നു

യുഎസ് ടീമിനെ സിമോണ്‍ ബൈല്‍സ് നയിക്കും,

ജിംനാസ്റ്റിക്സ് വിസ്മയം സിമോണ്‍ ബൈല്‍സ് നാളെ കളത്തിലിറങ്ങും. യുഎസ്എ ടീമിനെ ബൈല്‍സ് ആയിരിക്കും നയിക്കുക. സിമോണ്‍ ബൈല്‍സിന് പുറമെ കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാവ് ജോര്‍ദാന്‍ ചൈല്‍സ്, ഒളിമ്പിക് ഓള്‍ റൗണ്ട് നിലവിലെ ചാമ്പ്യന്‍ സുനി ലീ, ഫ്ളോര്‍ ചാമ്പ്യന്‍ ജേഡ് കാരി, ഒളിമ്പിക്സില്‍ അരങ്ങേറ്റം കുറിക്കുന്ന ഹെസ്ലി റിവേര എന്നിവരായിരിക്കും ഇത്തവണ അമേരിക്കന്‍ ജിംനാസ്റ്റിക്ക് ടീമിന്റെ പെണ്‍കരുത്ത്. പാരിസ് സമയം നാളെ രാവിലെ 11.30നാണ് യോഗ്യതാ മത്സരം ആരംഭിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എട്ട് ടീമുകള്‍ ഫൈനലിലേയ്ക്ക് കടക്കും. ഇതില്‍ 24 പേര്‍ വ്യക്തിഗത ഓള്‍ റൗണ്ട് ഫൈനലിലേക്കും തിരഞ്ഞെടുക്കപ്പെടും. ഒളിമ്പിക്സിലും ലോകചാമ്പ്യൻഷിപ്പിലുമായി 37 മെഡലുകൾ സ്വന്തമാക്കി ജിംനാസ്റ്റിക്സിൽ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയ സിമോണിന്റെ മൂന്നാം ഒളിമ്പിക്സാണിത്. 2021 ലെ ടോക്യോ ഒളിമ്പിക്സില്‍ മാനസിക സമ്മര്‍ദം മൂലം നാലിനങ്ങളില്‍ നിന്നും സിമോണ്‍ പിന്മാറിയിരുന്നു. ഒളിമ്പിക്സ് വേദിയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു സിമോണിന്റെ പിന്മാറ്റം. എന്നാല്‍ ഇത്തവണത്തെ പാരിസ് ഒളിമ്പിക്സില്‍ സിമോണ്‍ എത്തുമ്പോള്‍ അമേരിക്ക വീണ്ടും മെഡല്‍ പ്രതീക്ഷയിലാണ്. ഇത്തവണ മികച്ച അത്‌ലറ്റുകളാണ് തങ്ങളെന്ന് തെളിയിക്കുമെന്ന് സിമോണ്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 19-ാം വയസില്‍ 2016ലെ റിയോ ഒളിമ്പിക്സിൽ നാല് സ്വർണവും ഒരു വെങ്കലവും നേടി സിമോണ്‍ ജിംനാസ്റ്റിക്സിന്റെ റാണിയായി മാറിയിരുന്നു. ടോക്യോയില്‍ മിക്ക മത്സരങ്ങളില്‍നിന്നും പിന്‍മാറിയ സിമോണ്‍ ബൈല്‍സിന്റെ നേട്ടം ഓരോ വെള്ളിയിലും വെങ്കലത്തിലും ഒതുങ്ങി. അടുത്തിടെ നടന്ന യുഎസ് ക്ലാസിക് ജിംനാസ്റ്റിക്സിൽ സമീപകാലത്തെ ഏറ്റവും മികച്ച പോയിന്റ് നേടി ഓൾറൗണ്ട് വിഭാഗത്തിൽ ജേതാവായിരുന്നു.

Eng­lish Summary;The queen of gym­nas­tics is com­ing down tomorrow
You may also like this video

Exit mobile version