Site icon Janayugom Online

റയില്‍ മന്ത്രിയുടെ നടപടി വിലകുറഞ്ഞതും രാഷ്ട്രീയപ്രേരിതവും

കേരളത്തിന്റെ റയിൽവേ വികസനം സംബന്ധിച്ചു നേരിൽക്കണ്ട് നിവേദനം നല്കാൻ എത്തിയ സംസ്ഥാന മന്ത്രിസഭാംഗങ്ങളെ കാണാൻ വിസമ്മതിച്ച കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നടപടി വിലകുറഞ്ഞതും രാഷ്ട്രീയപ്രേരിതവും പ്രതിഷേധാർഹവുമാണ്. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ വഴി കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിച്ചെത്തിയ മന്ത്രിമാരുടെ സംഘത്തെ കാണാൻ അവസരം നിഷേധിച്ച കേന്ദ്ര റയിൽവേ മന്ത്രിയുടെ നടപടി ഔദ്ധത്യം നിറഞ്ഞതും ജനാധിപത്യ വിരുദ്ധവുമാണ്. അത് ഇന്ത്യയെപ്പോലെയുള്ള ഒരു ബഹുകക്ഷി ജനാധിപത്യ രാഷ്ട്രത്തിനു ഒരിക്കലും അംഗീകരിക്കാവുന്ന നടപടിയല്ല. മന്ത്രി അശ്വനി വൈഷ്ണവ് തന്റെ തെറ്റായ നടപടിയുടെ പേരിൽ കേരളത്തോട് മാപ്പുപറയാൻ ബാധ്യസ്ഥനാണ്. പൊതുവിൽ കേരളത്തിന്റെ റയിൽ വികസനവും വിശിഷ്യാ തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, നേമം റയിൽവേ സ്റ്റേഷനുകളുടെ വികസന ആവശ്യങ്ങളുമാണ് തിരുവനന്തപുരം ജില്ലയിലെ അസംബ്ലി നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന എംഎൽഎമാർ കൂടിയായ മന്ത്രിമാർ നിവേദനത്തിൽ ഉന്നയിച്ചിരുന്നത്.
കേരളം കാലങ്ങളായി ഉന്നയിച്ചുവരുന്നതും റയിൽവേ ബോർഡും മന്ത്രാലയവും കേന്ദ്ര സർക്കാരും തത്വത്തിൽ അംഗീകരിച്ചിട്ടുമുള്ള പദ്ധതികളാണ് ഇവയെല്ലാം. എന്നാൽ, മാറിവരുന്ന കേന്ദ്ര സർക്കാരുകളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്കും രാഷ്ട്രീയ മുൻഗണനകൾക്കും അനുസൃതമായി കേരളത്തിന്റെ ഏറ്റവും ന്യായമായ ആവശ്യങ്ങൾപ്പോലും നിരാകരിക്കപ്പെടുന്നതാണ് അനുഭവം. റയിൽ വികസനരംഗത്തെ നിരന്തരമായ അവഗണനയാണ് സിൽവർലൈൻ വേഗപാത പോലുള്ള ആശയങ്ങൾ മുന്നോട്ടുവയ്ക്കാനും അതിന്റെ സാക്ഷാത്ക്കാരത്തിനു ആവശ്യമായി വരുന്ന സാമ്പത്തിക പങ്കാളിത്തത്തിനുപോലും തയാറാവാൻ കേരളം നിർബന്ധിതമായത്. എന്നാൽ കേരളത്തിന്റെ എല്ലാവിധ റയിൽ വികസന ആവശ്യങ്ങളോടും രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെയാണ് മോഡി സർക്കാർ പ്രതികരിക്കുന്നത്.


ഇതുകൂടി വായിക്കൂ:  റയില്‍വേയില്‍ സ്വകാര്യവല്‍ക്കരണ ചൂളംവിളി


നിലവിലുള്ള റയിൽ അടിസ്ഥാന സൗകര്യങ്ങൾ മാറിയ കാലത്തിനും ആവശ്യങ്ങൾക്കും പര്യാപ്തമല്ലെന്ന് എല്ലാവർക്കും ബോധ്യമുള്ള വസ്തുതയാണ്. അവയുടെ കാലാനുസൃതമായ വികസനം സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടും പദ്ധതിയും തത്വത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിനു എത്രയോ മുൻപുതന്നെ അവ അംഗീകരിക്കപ്പെട്ടിരുന്നു എന്ന താണ് യാഥാർത്ഥ്യം. ബിജെപി എന്നതുപോലെ അവരുടെ മുൻഗാമികളായ കോൺഗ്രസ് സർക്കാരുകൾക്കും അവരുടേതായ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങ ൾ സംരക്ഷിക്കേണ്ടത് ഉണ്ടായിരുന്നു. അതിനുമുൻപിൽ കേരളത്തിന്റെ റയിൽ വികസന താല്പര്യങ്ങൾ അവഗണിക്കപ്പെടുകയും ബലികഴിക്കപ്പെടുകയും ആയിരുന്നു. മോഡി സർക്കാർ അധികാരത്തിൽ വന്ന് എട്ടുവർഷം പിന്നിടുമ്പോഴും കേരളത്തിന്റെ റയിൽ വികസന കാര്യത്തിൽ എടുത്തുപറയാവുന്ന എന്തെങ്കിലും നേട്ടം ഉണ്ടായതായി ചൂണ്ടിക്കാണിക്കാനില്ല. മുൻ സർക്കാരിന്റെ കാലത്തു ആവിഷ്കരിക്കപ്പെട്ട പദ്ധതികളുടെ വൈകിയുള്ള പൂർത്തീകരണം മാത്രമാണ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നത്. ബിജെപിയുടെ സംസ്ഥാന നേതാക്കളാകട്ടെ അവരുടെ കേന്ദ്ര നേതൃത്വത്തിന്റെ അതേപാതയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ പരിഹാസ്യ കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധം കേരളത്തിന്റെ എല്ലാ വികസന നേട്ടങ്ങളുടെയും പിതൃത്വത്തിനായുള്ള അവകാശവാദത്തിലാണ് ഏർപ്പെട്ടിട്ടുള്ളത്. സിൽവർലൈൻ വേഗപാതയിൽ ബിജെപി അവലംബിക്കുന്ന ഇരട്ടത്താപ്പിന്റെ അടിസ്ഥാനം അതിന്റെ പിതൃത്വത്തിൽ തങ്ങൾക്ക് അവകാശവാദം ഉന്നയിക്കാൻ ആവില്ലല്ലോ എന്ന തിരിച്ചറിവാണ്. കേരള മന്ത്രിസഭാംഗങ്ങൾ റയിൽ മന്ത്രിയെ കാണാൻ നിശ്ചയിച്ചിരുന്നതിനു ഒരു ദിവസം മുന്നേ കേരളത്തിൽനിന്നുള്ള ബിജെപി നേതാക്കൾ റയിൽ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയും പ്രഖ്യാപനങ്ങളും ഈ പശ്ചാത്തലത്തിൽ വേണം നോക്കിക്കാണാൻ.


ഇതുകൂടി വായിക്കൂ: റയില്‍വേ നടത്തുന്ന വെല്ലുവിളി


സിൽവർലൈൻ വേഗപാത കേന്ദ്ര സർക്കാരിന്റെ അനുമതിലഭിക്കാതെ അനിശ്ചിതത്വത്തിൽ തുടരുകയാണ്. അത് പ്രാവർത്തികമായാലും ലക്ഷക്കണക്കിന് വരുന്ന സാധാരണ ദൈനംദിന യാത്രക്കാർ കൂടുതലും ആശ്രയിക്കേണ്ടിവരിക നിലവിലുള്ള റയിൽ സംവിധാനത്തെ ആയിരിക്കും. അതുകൊണ്ടുതന്നെ നിലവിലുള്ള റയിൽ സംവിധാനത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം അടിയന്തര പ്രാധാന്യം അർഹിക്കുന്നു. കേരളത്തെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്ന യുഡിഎഫ് എംപിമാർ ഇക്കാര്യത്തിൽ അവലംബിക്കുന്ന അനാസ്ഥ കുറ്റകരമാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി റയിൽ വികസനത്തിനായി ശബ്‍ദമുയർത്താനും അതിനുവേണ്ടി ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭണത്തിനും കേരളത്തിന് കഴിയണം. അത്തരം ജനകീയ പ്രതിരോധത്തിന് മാത്രമെ കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കും അവഹേളനത്തിനും മറുപടി നൽകാനും അവകാശങ്ങൾ നേടിയെടുക്കാനും സഹായകമാവു.

Exit mobile version