വേനൽച്ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് ഇന്നലെ വിവിധയിടങ്ങളിൽ മഴ ലഭിച്ചു. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും വിവിധ ജില്ലകളിലാണ് മഴ ലഭിച്ചത്. തിരുവനന്തപുരം നഗരത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശക്തമായ മഴയാണ് ലഭിച്ചത്. ഓട്ടോമാറ്റിക് വെതർസ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്നലെ 37.5 മി.മീ മഴ ലഭിച്ചു.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും നൽകിയിരുന്നു. അതേസമയം മഴ ലഭിക്കാത്തയിടങ്ങളിൽ അന്തരീക്ഷതാപനില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഏഴ് ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെയുയരും. കോഴിക്കോട് 38, കണ്ണൂർ 37, കൊല്ലം ആലപ്പുഴ, കാസർകോട് 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
English Summary: The rain relieved the summer heat
You may also like this video