സമീപകാലത്ത് വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ്, ‘ഇന്ത്യയിലെ അതിസമ്പന്നരുടെ വളര്‍ച്ചയും അവര്‍ക്ക് അധികാരത്തിന്റെ ഇടനാഴികളില്‍ കടന്നുകയറാനും നയരൂപീകരണത്തെ സ്വാധീനിക്കാനും കഴിയുന്നു എന്ന യാഥാര്‍ത്ഥ്യവും’. നിരവധി മതങ്ങളും മതവിശ്വാസികളും ഇടതിങ്ങിപ്പാര്‍ക്കുന്നൊരു ഭൂപ്രദേശമാണ് നമ്മുടെ രാജ്യം. ഇതിലൊരു മതവും മതാചാര്യനും പ്രബോധകനും, പണത്തിനും സ്വത്തിനും പുറകെ മാത്രം ചലിക്കുകയും അതിന്റെ വര്‍ധനവ് ലക്ഷ്യമിട്ട് മൂല്യങ്ങള്‍ പാടെ ഉപേക്ഷിക്കുകയും ചെയ്യുന്ന മനുഷ്യനെ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നതായി കാണുന്നില്ല. ഇപ്പറഞ്ഞതിന്റെ ജീവിച്ചിരിക്കുന്ന തെളിവുകളാണ് അനുദിനം പെരുകുന്ന അതിസമ്പന്നരുടെ അത്ഭുതാവഹമായ വളര്‍ച്ച. ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വിശ്വസിക്കാമെങ്കില്‍ ഗൗതം അഡാനി എന്ന ബില്യനയറാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉറ്റസുഹൃത്തും ഉപദേശകനും. ആസ്തിമൂല്യമെടുത്താല്‍ മറ്റൊരു ബില്യനയറായ മുകേഷ് അംബാനിയെ കടത്തിവെട്ടിയിരിക്കുന്നു. ഇതോടെ, അഡാനി ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനെന്ന പദവിയില്‍ 100 ബില്യന്‍ ഡോളര്‍ ആസ്തിയോടെ എത്തി. ആഗോളതലത്തിലാണെങ്കില്‍ ഏറ്റവും സമ്പന്നമായ എലോണ്‍ മസ്ക്കും രണ്ടാമനായ ജെഫ് ബെഡോസും തമ്മില്‍ സമ്പന്നതയിലുള്ള അന്തരം 100 ബില്യന്‍ ഡോളറിലുമേറെയാണ്. 2020ല്‍ മസ്ക്കിന്റെ ആസ്തിമൂല്യം 20 ബില്യന്‍ ഡോളറായിരുന്നു. ഇപ്പോള്‍ 264.6 ബില്യനായി കുതിച്ചുയര്‍ന്നിരിക്കുന്നു. ഫോര്‍ബ്സ് കണക്കനുസരിച്ച് ആഗോളതലത്തില്‍ മൊത്തം 2,668 ഡോളര്‍ ബില്യനയര്‍മാരുണ്ട്. രാവിലെ ഉണര്‍ന്നുകഴിയുമ്പോള്‍ സ്വന്തം സമ്പത്തും തന്റെ അയല്‍വാസിയുടെ സമ്പത്തും തമ്മില്‍ എത്രമാത്രം അന്തരമുണ്ടെന്ന് പരിശോധിക്കാന്‍ തുനിഞ്ഞിറങ്ങുന്നത് രണ്ടുതരം മനുഷ്യരായിരിക്കുമെന്ന് ‘ദി ഹിന്ദു’ ദിനപത്രത്തില്‍ (2022 ഏപ്രില്‍ 18) എഴുതിയ ലേഖനത്തില്‍ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ടി കെ അരുണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതില്‍ ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ ഒട്ടും സുരക്ഷിതത്വബോധമില്ലാത്ത ബില്യനയര്‍മാരാണ്. മാധ്യമങ്ങള്‍ തങ്ങളുടെ ആസ്തിയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് എന്തു മാറ്റമുണ്ടായിട്ടുണ്ടെന്ന് ചിത്രീകരിക്കാന്‍ പോകുന്നു എന്ന് ചിന്തിച്ച് വിഷമിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍, ‘അസമത്വത്തിന്റെ പോരാളികള്‍’ ആണ്. അവരുടെ ഒരേ ഒരു ചിന്ത, സ്വന്തം സാമ്പത്തിക പദവിയുമായി ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ അകപ്പെട്ടവരുടെ ദുരന്തത്തിന്റെ ആഴം എത്രമാത്രം വര്‍ധിച്ചിട്ടുണ്ടെന്ന് കണ്ടെത്തുന്നതു സംബന്ധിച്ചായിരിക്കും. മാത്രമല്ല, അവരുടെ ചിന്തയുടെ ദിശാസൂചിക ആഗോളതലത്തിലുള്ള ദാരിദ്ര്യത്തിലേക്കും തിരിഞ്ഞേക്കാം. അതേസമയം ഈ രണ്ട് വിഭാഗത്തിലും ഉള്‍പ്പെടാത്തവരായ സാധാരണ ജനതയെ സംബന്ധിച്ചിടത്തോളം അവരുടെ മനസിനെ അലട്ടുന്നത് അതിസമ്പന്നരായ ഈ ബില്യനയര്‍മാരുടെ എണ്ണത്തിലുണ്ടാകുന്ന പെരുപ്പം മാത്രമായിരിക്കും. ഏതായാലും ബില്യനയര്‍മാരുടെ എണ്ണത്തില്‍ കാണപ്പെടുന്ന അതിവേഗ വര്‍ധന അത്ഭുതമല്ല. ചെറിയ ഇടവേളയിലാണ് അതിസമ്പന്നരുടെ സംഖ്യയില്‍ പത്തിരട്ടി വീതം വര്‍ധനവുണ്ടാകുന്നത്. വിവിധ വികസിത, വികസ്വര രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ ബില്യനയര്‍മാരെ വഴിവിട്ട് സഹായിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഉദാരമായ പണനയം രൂപപ്പെടുത്തിയതാണ് ഇത്തരമൊരു പ്രക്രിയ യാതൊരു അല്ലലുമില്ലാതെ നടക്കുന്നതിന്റെ പിന്നിലുള്ളത്. അതേ അവസരത്തില്‍ വിപണിയിലെ പൊതുസ്ഥിതി കൃത്യമായി തിട്ടപ്പെടുത്താതെ, ഉദാരമായ ബാങ്ക് വായ്പകള്‍ അനുവദിക്കുന്നതിന്റെ ഫലമായി ബന്ധപ്പെട്ട കോര്‍പറേറ്റ് സ്ഥാപനത്തോടൊപ്പം സ്ഥാപനത്തിന്റെ ഓഹരി ഉടമകളും പാപ്പരാവുന്നു. വായ്പ കൊടുത്ത ബാങ്കിങ്-ധനകാര്യ സ്ഥാപനങ്ങള്‍ വമ്പിച്ച കിട്ടാക്കട പ്രതിസന്ധിയില്‍ അകപ്പെടുന്നു. സമ്പന്നമായ കേന്ദ്ര ബാങ്കുകള്‍, മഹാമാരിയുടെ കാലയളവില്‍ 9.5 ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള ആസ്തികള്‍ വാങ്ങിക്കൂട്ടിയിരുന്നു. ബന്ധപ്പെട്ട ദേശീയ സര്‍ക്കാരുകളാണെങ്കില്‍ അധിക ധനകാര്യ പിന്തുണ ഇതിലേക്കായി നീക്കിവയ്ക്കുകയും ചെയ്തു. യുഎസ് ധനകാര്യ പിന്തുണ ജിഡിപിയുടെ 25 ശതമാനം വരെ ആയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഭരണകൂടം ജിഡിപിയുടെ 18 ശതമാനം ധനകാര്യ പിന്തുണയാണ് അനുവദിച്ചത്. മൂഡീസ് എന്ന ആഗോള പ്രസിദ്ധിയാര്‍ജ്ജിച്ച ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി ഇത്തരം കണക്കുകളുടെ അടിസ്ഥാനത്തില്‍ ലോകരാജ്യങ്ങളാകെ നല്കിയ ധനകാര്യ പിന്തുണ അവയുടെ ജിഡിപിയുടെ ശരാശരി 10 ശതമാനത്തോളമാണെന്നാണ് കണ്ടെത്തിയത്. ഇന്ത്യയാണെങ്കില്‍ അനുവദിച്ചത് ജിഡിപിയുടെ മൂന്ന് ശതമാനവും. ഈ വിധത്തിലുള്ള ധനകാര്യ പിന്തുണ ഭാഗികമായി കേന്ദ്രബാങ്കുകള്‍ തന്നെയാണ് അനുവദിക്കുക. നേരിട്ടല്ല, വിപണിയില്‍ നിന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ആസ്തികള്‍ വാങ്ങുക വഴി അങ്ങനെ, അധിക ലിക്വിഡിറ്റി സമ്പദ്‌വ്യവസ്ഥയിലേക്ക് ഒഴുകി എത്തുകയും ചെയ്യും. നേരിട്ടുള്ള പിന്തുണ കൂടി ചേരുമ്പോള്‍ മഹാമാരി കാലയളവില്‍ സൃഷ്ടിക്കപ്പെട്ട അധിക, ലിക്വിഡിറ്റി 13.5 ട്രില്യന്‍ ഡോളര്‍ വരും. ഇത്രയും വലിയൊരു തുക ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പ്രചാരത്തില്‍ ‘പൂജ്യം’ പലിശനിരക്ക് മാത്രം ചെലവിലാണെന്നതുകൂടി ശ്രദ്ധേയമാണ്.
ഇതുകൂടി വായിക്കാം; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ: പെരുകിവരുന്ന വൈരുധ്യങ്ങള്‍
അധികമായെത്തിയ മുഴുവന്‍ പണവും ആസ്തികളുടെ വില വര്‍ധനവിലേക്കാണ് നയിച്ചതെന്ന് വ്യക്തം. പലിശനിരക്ക് പൂജ്യത്തിലെത്തുകയോ വളരെ താണ നിലവാരത്തില്‍ തുടരുകയോ ചെയ്താല്‍ നിലവില്‍ കുറഞ്ഞ നിരക്കില്‍ വാങ്ങിക്കൂട്ടുന്ന ആസ്തികള്‍ക്ക് ഭാവിയില്‍ ഇരട്ടി മൂല്യവര്‍ധനവാണ്, അവ കൈവശം സൂക്ഷിക്കുന്ന അതിസമ്പന്നര്‍ക്ക് കിട്ടുക. മൂല്യവര്‍ധനവിന്റെ നിരക്ക് 10 ശതമാനമാണെങ്കില്‍ 100 രൂപ വിലയുള്ള ഒരു ആസ്തിക്ക് 110 രൂപയായിരിക്കും കിട്ടുക. മൂല്യവര്‍ധനവിന്റെ നിരക്ക് ഉയരുന്നതിനനുസൃതമായി ബില്യനയര്‍മാരുടെ ആസ്തി വര്‍ധനവുണ്ടാകും. ചിലപ്പോള്‍ ഈ മൂല്യവര്‍ധനവിന്റെ നിരക്ക് കൃത്രിമവുമായേക്കാം. അങ്ങനെ വന്നാല്‍ ബില്യനയര്‍മാരുടേതായി പുറത്തുവരുന്ന കണക്കുകള്‍ ഊതിപ്പെരുപ്പിച്ചവയായിരിക്കും. പണനയത്തിലുണ്ടാകുന്ന കര്‍ക്കശ നിലപാടായിരിക്കും ഇതിന് തുടക്കം കുറിക്കുക. ആര്‍ബിഐ അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ പണനയത്തിനുമേല്‍ പിടിമുറുക്കുന്നതോടെ ഓഹരി വിലകള്‍ കുത്തനെ ഇടിയാനിടവരും. മൂലധന വിപണികളിലെ പണമിടപാടുകള്‍ തളര്‍ച്ചയിലാകും. പലിശ നിരക്കുകളില്‍ വരുന്ന വര്‍ധനവിനെ തുടര്‍ന്ന് ആസ്തികളില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന ഭാവി മൂല്യവര്‍ധനവും നടക്കാത്ത സ്ഥിതി വന്നുചേരും. ആസ്തി മൂല്യപ്പെരുപ്പ–ഇന്‍ഫ്ലേഷന്‍സിനു പകരം ആസ്തി മൂല്യത്തകര്‍ച്ച–ഡിഫ്ലേഷന്‍ വഴിക്കായിരിക്കും സ്ഥിതിഗതികള്‍ പര്യവസാനിക്കുക. അങ്ങനെയുള്ളൊരു ഘട്ടത്തില്‍ ബില്യനയര്‍മാരുടെ ആസ്തി മൂല്യം മാത്രമല്ല, അവരുടെ എണ്ണവും കുത്തനെ ഇടിയാന്‍ വഴിയൊരുക്കും. ഓഹരികളുടെ വില കുതിച്ചുയരുന്നതിനുള്ള ബാധ്യത നിക്ഷേപകര്‍ക്കും വലിയതോതിലുണ്ട്. ഏത് ഓഹരിവിപണിയിലും പ്രതിസന്ധിക്കിടയാക്കിയ കാരണങ്ങളിലൊന്ന് നിക്ഷേപകരുടെ സങ്കടകരമായ വികാരമാണ്. സമൂഹ മാധ്യമങ്ങള്‍ ഈ സന്ദേശം ലോകമാസകലമുള്ള ഓഹരി മൂലധന വിപണികളിലും വ്യാപകമായ തോതിലാണ് പ്രചരിപ്പിക്കുന്നത്. ബന്ധപ്പെട്ട സ്ഥാപനത്തിന്റെ സാങ്കേതിക–മാനേജ്മെന്റ് മികവല്ല എന്ന ധാരണ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുന്നു എന്നതാണ് ഡോ. അരുണ്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബില്യനയറായ എലോണ്‍ മസ്കിന്റെ ടെസ്‌ല എന്ന വൈദ്യുതി കാര്‍ നിര്‍മ്മാണ സ്ഥാപനത്തിന്റെ മൂല്യം വര്‍ധിച്ചത് നിക്ഷേപകരുടെ വികാരത്താലുണ്ടായ ഉയര്‍ച്ചയെ തുടര്‍ന്നാണ്. ഇതിന്റെ സ്ഥാപകന്‍ മസ്ക് ആയിരുന്നില്ല. ഈ അതിസമ്പന്നന്‍ സ്ഥാപന ഓഹരികള്‍ വാങ്ങുകയും അതിന്റെ മാനേജ്മെന്റിനെ ഹൈജാക്ക് ചെയ്യുകയുമാണുണ്ടാകുന്നത്. ടെസ്‌ല എന്ന ഈ സ്ഥാപനത്തിനാണ് ഇപ്പോള്‍ ആഗോളതലത്തില്‍ മറ്റ് എല്ലാ വാഹന നിര്‍മ്മാതാക്കളുടെയും മേലെ ആസ്തി മൂല്യമുള്ളത്. ഏറെയൊന്നും പ്രചാരവും അര്‍ഹിക്കുന്ന തോതിലുള്ള ഔദ്യോഗിക അംഗീകാരവും ഇനിയും കിട്ടിയിട്ടില്ലാത്ത ക്രിപ്റ്റോ കറന്‍സിയില്‍ തനിക്ക് താല്പര്യമുണ്ടെന്ന മസ്കിന്റെ ഒരു ടെലിഫോണ്‍ സന്ദേശം മതിയാകും കറന്‍സിയുടെ മൂല്യത്തില്‍ കുതിച്ചുചാട്ടം ഉണ്ടാകാന്‍. ഇത്തരം വൈകാരികതയ്ക്ക് സാമ്പത്തികമായ നീതീകരണമോ അര്‍ത്ഥതലങ്ങളോ ഇല്ലെങ്കില്‍തന്നെയും ഇതാണ് യാഥാര്‍ത്ഥ്യം എന്നും അംഗീകരിച്ചേ തീരു. ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപകമായ വിനിയോഗമായിരിക്കും നടക്കുക. എന്നാല്‍, ഈ മേഖലയില്‍ ടെസ്‌ലക്കു മാത്രമല്ല ഇതിനുള്ള ഇടമുള്ളത്. നിരവധി വാഹന നിര്‍മ്മാതാക്കള്‍ വേറെയുമുണ്ട്. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ സംബന്ധമായി പഠനം നടത്തുന്ന ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നത്, ടെസ്‌ല ഇപ്പോള്‍ കൈവരിച്ചിരിക്കുന്ന ഉന്നത സ്ഥാനം എക്കാലവും നിലനില്ക്കില്ലെന്നും 2011 നുശേഷം ടെസ്‌ല ഓഹരി മൂല്യം നിഷേധ രൂപത്തിലായിട്ടുണ്ടെന്നുമാണ്. ഇതില്‍ അനുകൂല മാറ്റമുണ്ടായത് 2020 ജൂണ്‍ മാസത്തിലാണ്. മസ്കിന്റെ കീഴിലുള്ള മുഴുവന്‍ സംരംഭങ്ങളുടെയും ഹോള്‍ഡിങ് കമ്പനിയുടെ മൂല്യം മൂന്ന് ട്രില്യണ്‍ ഡോളറായി തുടരുന്നു. അദ്ദേഹത്തിന്റെ കമ്പനികളിലെ മുഴുവന്‍ നിക്ഷേപകരും അനുകൂല നിലപാടാണ് എടുക്കുകയെങ്കില്‍ ഭയപ്പെടേണ്ടതില്ല എന്നാണ് വിപണി നിരീക്ഷണ വിദഗ്ധന്മാരുടെ കണ്ടെത്തലും ഏകകണ്ഠമായ അനുമാനവും. ചുരുക്കത്തില്‍ ഏതൊരു ബില്യനയറിന്റെയും മൂല്യം നിര്‍ണയിക്കപ്പെടുക കേന്ദ്ര ബാങ്കുകളുടെ നയം മാറ്റങ്ങളിലൂടെയും നിക്ഷേപകരുടെ മനോവികാരത്തിന്റെ സ്വാധീനത്തെ തുടര്‍ന്നുമാണ്. ചിലപ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ സ്വാധീനമായിരിക്കും വിദഗ്ധന്മാരുടെ ബുദ്ധിപൂര്‍വമായ ഉപദേശങ്ങളുടേതിനെക്കാള്‍ മാറ്റങ്ങള്‍ക്ക് ഇടയാക്കുക. ഓഹരി വിപണികളിലെ ചാഞ്ചാട്ടങ്ങളുടെയും പ്രചോദനശക്തി ആള്‍ക്കൂട്ടത്തിന്റെ വികാരപ്രകടനങ്ങളും ഇടപെടലുകളും ആയിരിക്കാനും സാധ്യത ഏറെയാണ്. 1720ലെ ‘സൗത്ത് സീ ബബിള്‍’ മുതല്‍ 1990കളിലെ ‘ടെക് ബൂം’ വരെയുള്ള ചലനങ്ങള്‍ക്കിടയാക്കിയത് ആള്‍ക്കൂട്ട മനഃശാസ്ത്രം പ്രായോഗികതലത്തില്‍ പ്രതിഫലിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇതെല്ലാം ഓഹരിവിപണികളുടെ സൃഷ്ടിയായിരുന്നു. അതേസമയം, അതിസമ്പന്നരുടെ അതിവേഗ വളര്‍ച്ചയും വികാസവും വികസ്വര രാജ്യങ്ങളായ ഇന്ത്യയെപ്പോലുള്ള സമ്പദ്‌വ്യവസ്ഥകളുടെമേല്‍ അടിച്ചേല്പിക്കുന്ന ആഘാതം, കേന്ദ്ര ബാങ്കുകളുടെയും കേന്ദ്ര ഭരണകൂടങ്ങളുടെയും ഇടപെടലുകളിലൂടെയോ നയമാറ്റത്തിലൂടെയോ സാധ്യമാക്കുക എളുപ്പമാവില്ല.