Site iconSite icon Janayugom Online

എൽഡിഎഫ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനത്തിന്റെ സാക്ഷാൽക്കാരം; കേരള റബർ ലിമിറ്റഡിന്‌ ‌മന്ത്രി പി രാജീവ് കല്ലിട്ടു

രാജ്യത്ത്‌ പൊതുമേഖലയെ സംരക്ഷിക്കുന്ന ഏക സംസ്ഥാനമാണ്‌ കേരളമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ മികവുറ്റതാക്കാൻ ഇച്ഛാശക്തിയോടെ മുന്നേറും. സംസ്ഥാന സർക്കാർ വെള്ളൂരിൽ സ്ഥാപിക്കുന്ന കേരള റബർ ലിമിറ്റഡ് കമ്പനിയുടെ കല്ലിടൽ നടത്തുകയായിരുന്നു മന്ത്രി.ഉൽപാദന,- തൊഴിൽസാഹചര്യങ്ങളിൽ അടിമുടി മാറ്റംവരുത്തിയുള്ള മുന്നേറ്റത്തിനായി പുതിയ തൊഴിൽ സംസ്‌കാരം രൂപപ്പെടുത്തിയാണ് നീങ്ങുക. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പണംനൽകി സംരക്ഷിക്കുന്ന രീതിയല്ല സർക്കാർ ഉദ്ദേശിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്നതാണ്‌. ഉൽപാദനരംഗം മത്സരാധിഷ്ഠിതവും ലാഭകരവുമാക്കാനുള്ള ഊർജിത ശ്രമങ്ങൾ തൊഴിലാളികളും മാനേജ്‌മെന്റുംചേർന്ന് നടത്തണം. ഓഡിറ്റ്‌ റിപ്പോർട്ട്‌ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്ക്‌ സർക്കാർ ധനസഹായം നൽകില്ല.കെആർഎല്ലിന്റെ പ്രവർത്തനത്തിലൂടെ റബർ മേഖലയിൽനിന്ന്‌ കൂടുതൽ വരുമാനംലഭിക്കും. കർഷകർ, സംരംഭകർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ പിന്തുണയോടെയാണ് കമ്പനിയുടെ പ്രവർത്തനവുമായി സർക്കാർ മുന്നോട്ടുനീങ്ങുന്നത്. 

നിലവാരമുള്ള റബർ ഉൽപാദിപ്പിക്കാൻ കർഷകർക്ക് സാങ്കേതിക സഹായവും, മൂല്യവർധിത ഉൽപന്ന നിർമാണത്തിന് സംരംഭകർക്ക് പൊതുവായ സൗകര്യങ്ങളും ലഭ്യമാക്കും.നിക്ഷേപകരുടെ വലിയ പിന്തുണ ഇപ്പോൾതന്നെ കെആർഎല്ലിന്‌ ലഭിച്ചിട്ടുണ്ട്‌. പ്രമുഖ ഗ്ലൗസ്‌ നിർമാണ കമ്പനി കേരളത്തിലേക്ക്‌ വരാൻ താൽപര്യമറിയിച്ചിട്ടുണ്ട്‌. ഗവേഷണ സ്ഥാപനങ്ങളുമായിചേർന്ന്‌ പ്രവർത്തിച്ചാലേ മൂല്യവർധിത ഉൽപാദനത്തിലേക്കുള്ള പരിവർത്തനം സാധ്യമാകൂ. ഈ ലക്ഷ്യത്തോടെയായിരിക്കും മുന്നോട്ടുള്ള പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു. കോട്ടയം വെള്ളൂരിലെ 143 ഏക്കറിലെ പദ്ധതി റബർമേഖലയിൽ കുതിച്ചുചാട്ടമുണ്ടാക്കും.

സംസ്ഥാന സർക്കാർ രൂപീകരിച്ച വ്യാവസായ പാർക്ക്‌ മാതൃകയിലെ കെആർഎല്ലിൽ സ്വകാര്യ പങ്കാളിത്തത്തിൽ റബറധിഷ്‌ഠിത വ്യവസായത്തിനാവശ്യമായ സൗകര്യം ഒരുക്കും. കേന്ദ്രസർക്കാരിൽനിന്ന്‌ വാങ്ങിയ എച്ച്‌എൻഎല്ലിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന രണ്ടാമത്തെ സംരംഭമാണ്‌ ഇത്‌.കേരള ന്യൂസ്‌പ്രിന്റ്‌ എംപ്ലോയീസ്‌ റിക്രിയേഷൻ ക്ലബ്ബിലെ ചടങ്ങിൽ സി കെ ആശ എംഎൽഎ അധ്യക്ഷയായി. 

തോമസ്‌ ചാഴികാടൻ എംപി, മോൻസ്‌ ജോസഫ്‌ എംഎൽഎ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കിഫ്‌കോണും റബർ ബോർഡും ചേർന്ന്‌ തയ്യാറാക്കിയ സമഗ്ര പദ്ധതി അവതരിപ്പിച്ചു. കെആർഎൽ ചെയർപേഴ്‌സൺ ഷീല തോമസ്‌, വ്യവസായവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്‌, കിൻഫ്ര എംഡി സന്തോഷ്‌ കോശി തോമസ്‌, കെപിപിഎൽ സ്‌പെഷ്യൽ ഓഫീസർ പ്രസാദ്‌ ബാലകൃഷ്‌ണൻ, കെഎസ്‌ഐഡിസി അസിസ്റ്റന്റ്‌ ജനറൽ മാനേജർ സെബാസ്‌റ്റ്യൻ തോമസ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൂക്ക്‌ മാത്യു എന്നിവർ സംസാരിച്ചു. 

Eng­lish Summary:The real­iza­tion of the promise in the LDF man­i­festo; Min­is­ter P Rajeev laid the foun­da­tion stone for Ker­ala Rub­ber Limited

You may also like this video:

Exit mobile version