Site iconSite icon Janayugom Online

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് വൈകും

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് അന്വേഷിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വൈകും. ഇന്ന് റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ 233 പേജ് കൈമാറാനായിരുന്നു തീരുമാനം. നടി രഞ്ജിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. ഹര്‍ജിയില്‍ കോടതി തീര്‍പ്പുണ്ടാക്കിയതിനുശേഷമാകും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക. സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സാംസ്കാരിക വകുപ്പിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. 

അതേസമയം, കോടതി പറഞ്ഞ സമയത്തിനുള്ളിൽ റിപ്പോർട്ട് പുറത്ത് വിടുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ നോക്കുന്നത്. സ്ത്രീകൾ ചൂഷണത്തിനിരയായ വിവരം റിപ്പോർട്ടിലുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ മേഖലയിൽ തെറ്റായ പ്രവണത ഉണ്ടെങ്കിൽ അത് പുറത്തുവരണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കോടതി രഞ്ജിനിയുടെ ഹർജി തള്ളുമെന്നാണ് പ്രതീക്ഷയെന്നും മുമ്പ് ഉന്നയിക്കാത്ത ആവശ്യമാണ് രഞ്ജിനി ഇപ്പോൾ ഉന്നയിച്ചിരിക്കുന്നതെന്നും പി സതീദേവി പറഞ്ഞു. 

Exit mobile version