’ 2017 ലെ സമൂഹമല്ല 2022 ല്‍ ‘കയ്യിലെ മിക്സി ജാറില്‍ നിന്ന് ഗ്ലാസിലേക്ക് ജ്യൂസ് പകര്‍ത്തി കൊണ്ട് മുഖത്തൊരു ചെറുചിരിയുമായി അമൃത പറഞ്ഞു. കനകക്കുന്നില്‍ നടന്ന കുടുംബശ്രീ സരസ് മേളയിലെ സജീവ സാന്നിധ്യമായിരുന്നു ട്രാന്‍സ്ജെന്‍ഡേഴ്സ്. പല നാട്ടിലുള്ള പെണ്ണുങ്ങള്‍ ഒരുക്കിയ സ്റ്റാളുകള്‍ക്കിടയില്‍ അവരുമുണ്ടായിരുന്നു. എല്ലാവരെയും പോലെ തന്നെ, ചിരിച്ചും കഥകള്‍ പറഞ്ഞും, സന്ദര്‍ശകരെ സ്വാഗതം ചെയ്തും. സമൂഹത്തില്‍ ഇപ്പോഴും വേര്‍തിരിവുകള്‍ നേരിടുന്ന സമൂഹത്തെ മനോഹരമായി ചേര്‍ത്തുപിടിച്ച കാഴ്ചയ്ക്കാണ് സരസ് മേള സാക്ഷ്യം വഹിച്ചത്.
ഫുഡ്കോര്‍ട്ടിലെ ജ്യൂസ് കടയും സ്റ്റാളുകളുടെ കൂട്ടത്തിലെ പലഹാര കടയുമായിരുന്നു അവരുടെതായി ഉള്ളത്. ഫുഡ്കോര്‍ട്ടിലെ തിരക്കുള്ള ജ്യൂസ് കട നടത്തിയിരുന്നത് ട്രാന്‍സ്ജെന്‍ഡേഴ്സായ അമൃതയും അനാമികയും ചേര്‍ന്നാണ്. സര്‍ബത്തും, ഫ്രഷ് ലൈം ഉള്‍പ്പെടെ രുചികരമായ ജ്യൂസുകള്‍ മിതമായ നിരക്കില്‍ ലഭിക്കുന്ന കട സരസിലെത്തുന്നവരുടെ പ്രിയപ്പെട്ട ഇടമായിരുന്നു. എറണാകുളം വാഴക്കാലയിലെ ലക്ഷ്യ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇരുവരും. 2017 ലാണ് ഇവര്‍ കുടുംബശ്രീ യൂണിറ്റ് തുടങ്ങുന്നത്. വൃത്തിയുള്ള രുചികരമായ ജ്യൂസ് കടയില്‍ നല്ല തിരക്കായിരുന്നു സരസ് മേളയുടെ അവസാന ദിവസം വരെ. തലസ്ഥാനത്തേക്ക് ആദ്യമായാണ് അമൃതയും അനാമികയും എത്തുന്നത്.
ചിപ്സ് മുതല്‍ ശര്‍ക്കരവരട്ടി വരെയുള്ള സ്റ്റാള്‍ നടത്തുന്നത് കണ്ണൂര്‍ നന്മ കുടുംബശ്രീയിലെ സന്ധ്യയും മായയും ചേര്‍ന്നാണ്. സഹായത്തിന് സന്ധ്യയുടെ ട്രാന്‍സ്മെന്‍ കൂടിയായ മകന്‍ ബിനോയും ഉണ്ട്.നൈസി ചിപ്സ് എന്ന പേരിലാണ് ഇവര്‍ പലഹാര കച്ചവടം നടത്തുന്നത്. എന്താണ് ഈ പേരിന് പിന്നിലെ രഹസ്യം എന്ന ചോദ്യത്തിന് നൈസായി കഴിക്കാന്‍ പറ്റുന്ന ചിപ്സാണ് ഇതെന്ന മറുപടിയാണ് ഇരുവരും പറയുന്നത്. 10 പേരാണ് നന്മ കുടുംബശ്രീയിലുള്ളത്. ട്രാന്‍ഡ്ജെന്‍ഡേഴ്സ് മാത്രമാണ് ഈ കുടുംബശ്രീയൂണിറ്റില്‍ ഉള്ളത്. 50 രൂപയിലാണ് ചിപ്സിന്റെ വില തുടങ്ങുന്നത്. സരസ് മേളയുടെ ഭാഗമായി എല്ലാവര്‍ക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട് എങ്കിലും ഇവര്‍ പുറത്ത് മുറി എടുത്താണ് താമസിച്ചത്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ പൂര്‍ണമായും മാറ്റം വന്നിട്ടില്ലാത്തതിനാല്‍ മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാകാനിടവരരുതെന്ന ചിന്തയാണ് ഇതിനു കാരണം.
English Summary:the remarkable presence of transgender people in Saras mela
You may also like this video