Site iconSite icon Janayugom Online

ഉറവയെ തകര്‍ത്ത് റിവര്‍; അര്‍ജന്റീനന്‍ ക്ലബ്ബിന് 3–1ന്റെ ജയം

ക്ലബ്ബ് ലോകകപ്പ് ഫുട്ബോളില്‍ ഉറവ റെഡ് ഡയമണ്ട്സിനെ തകര്‍ത്ത് അര്‍ജന്റീനന്‍ ക്ലബ്ബ് റിവര്‍ പ്ലേറ്റ്. ഗ്രൂപ്പ് ഇയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റിവര്‍ പ്ലേറ്റിന്റെ വിജയം. 12-ാം മിനിറ്റില്‍ റിവര്‍ പ്ലേറ്റിന്റെ ഫകുണ്ടോ കൊലീഡിയോയിലൂടെ റിവര്‍ പ്ലേറ്റാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. ആദ്യപകുതി ഒരു ഗോളിന് റിവര്‍ പ്ലേറ്റ് മുന്നില്‍ നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റിവര്‍ പ്ലേറ്റ് തന്നെ വീണ്ടും ഗോള്‍ നേടി ലീഡ് ഇരട്ടിയാക്കി. 48-ാം മിനിറ്റില്‍ സെബാസ്റ്റ്യൻ ഡ്ര്യുസിയാണ് സ്കോറര്‍. 58-ാം മിനിറ്റില്‍ ഉറവ റെഡ്സിന് അനുകൂലമായ പെനാല്‍റ്റിയെത്തി. കിക്കെടുത്ത മാറ്റ്സുവോ പന്ത് റിവര്‍ പ്ലേറ്റിന്റെ വലയിലെത്തിച്ചു. എന്നാല്‍ വിജയമുറപ്പിക്കാന്‍ റിവര്‍ പ്ലേറ്റ് മൂന്നാം ഗോളും കണ്ടെത്തി. 73-ാം മിനിറ്റില്‍ മാക്സ്മിലാനോ മെഹ്‌സയാണ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.

ഗ്രൂപ്പ് ഇയില്‍ നടന്ന മറ്റൊരു പോരാട്ടത്തില്‍ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാന് സമനില. മെക്സിക്കന്‍ ക്ലബ്ബ് മോണ്ടെറി എഫ്‌സിയോട് 1–1നാണ് സമനില വഴങ്ങിയത്. മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്മാരെ ഞെട്ടിച്ച് മോണ്ടെറിയാണ് ആദ്യം മുന്നിലെത്തിയത്. 25-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസാണ് ഗോള്‍ നേടിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ലൗട്ടാരെ മാര്‍ട്ടിനെസിലൂടെ ഇന്റര്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാതിരുന്നതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഗ്രൂപ്പ് ഇയില്‍ മൂന്ന് പോയിന്റുള്ള റിവര്‍ പ്ലേറ്റാണ് ഒന്നാമത്.
മറ്റൊരു മത്സരത്തിൽ ജർമ്മൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ട് ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസ് എഫ്‌സിയുമായി ഗോൾ രഹിത സമനില വഴങ്ങി.

Exit mobile version