Site iconSite icon Janayugom Online

പാറപ്പുല്ലിന് തീപിടിച്ചു; മരങ്ങളും, കുറ്റിക്കാടും കത്തി നശിച്ചു

പാറപ്പുല്ലിന് പടർന്ന തീ നാടിനെ പരിഭ്രാന്തിയിലാക്കി. മടിക്കൈ അമ്പലത്തുകര ചെമ്പിലോട്ട് കുന്നിലെ പാറപ്പുല്ലിനാണ് തിങ്കളാഴ്ച തീപിടിച്ചത്. അത്തിക്കോത്ത് സിമൻ്റ് ഗോഡൗണിന് മുൻവശത്തെ കുന്നിൻമുകളിലെ പുൽപ്പടർപ്പിലെ തീ കുന്നിലേക്ക്‌ പടർന്നുകയറി ചെമ്പിലോട്ട് കല്യാണം അമ്പലത്തുകര പ്രധാന റോഡ് വരെ എത്തി. 

ഏക്കർ സ്ഥലത്തെ മരങ്ങളും കുറ്റിക്കാടുകളും കത്തിനശിച്ചു. നാട്ടുകാർ തക്കസമയത്ത് ഇടപെട്ടതിനാൽ തൊട്ടടുത്ത വീടുകളിലേക്കും പറമ്പുകളിലേക്കും തീ പടരുന്നത് തടയാൻ കഴിഞ്ഞു. കാഞ്ഞങ്ങാട്ട് നിന്നും അഗ്നിരക്ഷാസേന എത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഉച്ചവെയിലിൽ തീ ആളിപ്പടർന്നു. ഫയർഫോഴ്സ് വാഹനത്തിന് പാറയ്ക്ക് മുകളിലേക്ക് കടന്നുചെല്ലാനും കഴിഞ്ഞില്ല. ഒടുവിൽ രാത്രി പത്തോടെയാണ് തീയണച്ചത്. 

Exit mobile version