Site iconSite icon Janayugom Online

റബ്ബര്‍ കയറ്റുമതി പ്രഖ്യാപനം ഇലക്ഷന്‍ സ്റ്റണ്ടായി മാറി

റബർ കയറ്റുമതി വർദ്ധിപ്പിച്ച് കർഷകർക്ക് ആശ്വാസമേകുമെന്ന റബ്ബർ ബോർഡ് പ്രഖ്യാപനം ഇലക്ഷൻ സ്റ്റണ്ടായി മാറി.
റബ്ബർ കയറ്റുമതിക്കാർക്ക് സബ്സിഡി നൽകുമെന്നും സ്റ്റോക്ക് പൂർണമായി വിദേശങ്ങളിലേക്ക് കയറ്റിയയച്ച് ആഭ്യന്തര വില ഉയർത്തുമെന്നുമായിരുന്നു റബ്ബർ ബോർഡ് പ്രഖ്യാപനം. റബ്ബർ ബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ പ്രഖ്യാപനം നടത്തിയത്. നാളിതുവരെ റബ്ബർകർഷകരെ സഹായിക്കാൻ ഏതെങ്കിലും വിധത്തിലുള്ള നടപടി സ്വീകരിക്കാതിരുന്ന റബ്ബർ ബോർഡ് അടുത്തിടെ പ്രഖ്യാപനവുമായി ഇറങ്ങിയത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണെന്ന ആരോപണവും ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് നിലവിലെ നിലപാടുകൾ. 

40 ടൺ വരെ കയറ്റുമതി ചെയ്യുന്നവർക്ക് രണ്ട് ലക്ഷം രൂപ ഇൻസന്റീവ് നൽകുമെന്നും ജൂൺ വരെ സ്കീമിനു പ്രാബല്യമുണ്ടെന്നുമായിരുന്നു പ്രഖ്യാപനം. റബ്ബറിന് രാജ്യാന്തര വിപണിയിൽ വിലവർധിച്ച സാഹചര്യത്തിൽ കയറ്റുമതി കൂട്ടാനുള്ള നീക്കവുമായാണ് റബ്ബർ ബോർഡ് രംഗത്തെത്തിയത്. വിദേശവില കിലോയ്ക്ക് 225 രൂപയിലെത്തി ആഭ്യന്തരവില 185 രൂപയിൽ പരിമിതമായ സാഹചര്യത്തിലാണ് കയറ്റുമതി പ്രഖ്യാപനമുണ്ടായത്. എന്നാൽ രണ്ട് മാസം പിന്നിട്ടിട്ടും ഇതുവരെ നടപടിയൊന്നുമായില്ല. 

സംസ്ഥാന സർക്കാർ ഇക്കഴിഞ്ഞ ബജറ്റിൽ റബ്ബറിന്റെ താങ്ങുവില 10 രൂപ വർധിപ്പിച്ചിരുന്നു. എന്നിട്ടും രാജ്യാന്തര വിപണിയിൽ വർദ്ധിച്ച മൂല്യമുള്ള റബ്ബറിന് ആനുപാതികമായ വില കർഷകർക്ക് ലഭിക്കുന്നതിന് കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തത് ഏറെ വിമർശനങ്ങൾക്ക് വഴി തെളിച്ചിരുന്നു. സംസ്ഥാന സർക്കാരും റബ്ബർകർഷകരും റബ്ബർവില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പലവട്ടം കേന്ദ്രത്തെ സമീപിച്ചിരുന്നു. 

വിപണി സാധ്യത പ്രയോജനപ്പെടുത്താൻ ഏറെ അവസരമുണ്ടായിട്ടും ഇതുവരെ ഒന്നും ചെയ്യാതിരുന്ന കേന്ദ്രസർക്കാരും റബ്ബർ ബോർഡും തെരഞ്ഞെടുപ്പു വേളയിൽ റബർ വിഷയം മുഖ്യമായി ഉയർത്തിയതിന് പിന്നാലെയാണ് ഇൻസെന്റീവ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ മാർച്ച് മാസത്തിൽ റബ്ബർബോർഡിന്റെ യോഗവും ചേർന്നിരുന്നു. 

Eng­lish Summary:The rub­ber export announce­ment turned into an elec­tion stunt
You may also like this video

Exit mobile version