Site iconSite icon Janayugom Online

ഗോകര്‍ണത്തെ ഗുഹയില്‍ കണ്ടെത്തിയ റഷ്യൻ യുവതിയെയും മക്കളെയും വിട്ടുകിട്ടണം; ഇസ്രായേൽ സ്വദേശി ഹൈക്കോടതിയിലേക്ക്

ഗോകർണ്ണത്തെ ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതി നീന കുടിനയെയും അവരുടെ രണ്ട് മക്കളെയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പങ്കാളിയായ ഇസ്രായേൽ സ്വദേശി ഗ്രോർ ഗോൾഡ്‌സ്റ്റീൻ. യുവതിയെയും മക്കളെയും കാണാൻ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഗ്രോർ നിയമനടപടിക്ക് ഒരുങ്ങുന്നത്.

തന്റെ പങ്കാളിയെയും മക്കളെയും കാണുന്നതിനായി ബംഗളൂരുവിൽ എത്തിയ ഗ്രോർ, തുമകുരുവിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിലെത്തി നീന കുടിനയെയും മക്കളെയും കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും, ഒരു പകൽ മുഴുവൻ കാത്തിരിപ്പിച്ച ശേഷം അനുമതി നിഷേധിക്കുകയായിരുന്നു. നീനയ്ക്ക് കൂടിക്കാഴ്ചയ്ക്ക് താൽപ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ അനുമതി നിഷേധിച്ചത്. നിലവിൽ, കുട്ടികളെ കാണാൻ അനുമതി തേടി കർണാടക ഹൈക്കോടതിയെ സമീപിക്കാനാണ് ഗ്രോറിന്റെ നീക്കം. അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷം അടുത്ത ദിവസം തന്നെ കോടതിയിൽ ഹർജി നൽകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഗ്രോറും നീനയും തമ്മിലുണ്ടായ തർക്കങ്ങളാണ് നീന ഗുഹയിലേക്ക് താമസം മാറുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Exit mobile version