ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സുഖുവിനായി കൊണ്ടുവന്ന സമൂസ അടിച്ചുമാറ്റിയ സംഭവത്തിൽ വിവാദം മുറുകുന്നു. സിഐഡി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ചായിരുന്നു സംഭവം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് വ്യക്തമാക്കി സിഐഡി മേധാവി രംഗത്തെത്തി. സിഐഡി ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സുഖുവിന് നല്‍കാനായി വാങ്ങിയ സമൂസകളടങ്ങിയ മൂന്ന് പെട്ടികള്‍ ആണ് കാണാതായത്. തുടര്‍ന്ന് സംഭവത്തെപ്പറ്റി അന്വേഷണം നടത്താന്‍ സിഐഡി വിഭാഗം ഉത്തരവിട്ടുവെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു.
എന്നാല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്നും ഇതൊരു ആഭ്യന്തരകാര്യമാണെന്നും ഹിമാചല്‍പ്രദേശ് സിഐഡി ഡയറക്ടര്‍ ജനറല്‍ സഞ്ജീവ് രഞ്ജന്‍ ഓജ പറഞ്ഞു. സമൂസ കാണാതായതില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്ന ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസും രംഗത്തെത്തി. സിഐഡി വകുപ്പിന്റെ ആഭ്യന്തരകാര്യമാണിതെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് നരേഷ് ചൗഹാന്‍ പറഞ്ഞു.ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും വിഷയം സിഐഡി ഉദ്യോഗസ്ഥരാണ് അവരുടേതായ രീതിയില്‍ വിലയിരുത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.