ഇന്ത്യന്‍ ദേശീയതയെ മതാത്മകമാക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുകയാണെന്ന് പ്രമുഖ ചിന്തകന്‍ സുനില്‍ പി ഇളയിടം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമത്വം, ജനാധിപത്യം, മതനിരപേക്ഷത, സാമ്രാജ്യത്വ വിരുദ്ധത തുടങ്ങിയ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ബലികഴിച്ചുകൊണ്ടാണ് ഒരു മതം, ഒരു ഭാഷ, ഒരു ദേശീയത എന്ന രീതിയിലേക്ക് രാജ്യത്തിന്റെ ഘടനയെ മാറ്റാന്‍ ശ്രമിക്കുന്നത്. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ മാത്രം ഹിതമാണെന്ന പുതിയ ആശയമാണ് ഹിന്ദുത്വ തീവ്രവാദികള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഴയ വിഭജന കാലത്തെ വീണ്ടെടുക്കാന്‍ മതതീവ്രവാദ ശക്തികള്‍ ശ്രമിക്കുകയാണ്. ഹിന്ദുരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിച്ചുള്ള തെരഞ്ഞെടുപ്പ് അജണ്ടകളാണ് ഹിന്ദുത്വ തീവ്രവാദികള്‍ ഏറ്റെടുത്തിരിക്കുന്നത്.
ക്ഷേത്രനിര്‍മ്മാണം, ഏക സിവില്‍കോഡ്, ഹിന്ദിഭാഷ പ്രചരണം തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമാണ്. സംസ്ഥാനങ്ങളുടെ മാത്രം പരിധിയിലുണ്ടായിരുന്ന വിദ്യാഭ്യാസ നടത്തിപ്പ് അവകാശം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ചയില്ലാതെ പാഠഭാഗങ്ങള്‍ പൊളിച്ചെഴുതുന്നു. ഭൂരിപക്ഷ തീവ്രവാദത്തെ ചെറുക്കാന്‍ ന്യൂനപക്ഷ തീവ്രവാദമല്ല പ്രതിരോധ മാര്‍ഗം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടത്തില്‍ അണിചേരുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹീം, സെക്രട്ടറി അഭോയ് മുഖര്‍ജി, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, മന്ത്രിമാരായ വീണാ ജോര്‍ജ്ജ്, മുഹമ്മദ് റിയാസ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സെക്രട്ടറി വി കെ സനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനം നാളെ സമാപിക്കും.
English summary; The Sangh Parivar is consciously trying to make nationalism religious: Sunil P Ilayidam
You may also like this video;