Site iconSite icon Janayugom Online

856 കോടി ചെലവിട്ട് നിർമിച്ച സപ്തര്‍ഷി വിഗ്രഹങ്ങൾ കാറ്റിൽ തകർന്നടിഞ്ഞു

ഉജ്ജയിനിലെ സപ്തര്‍ഷി വിഗ്രഹങ്ങൾ കനത്ത കാറ്റിൽ തകർന്നടിഞ്ഞു. മഹാകൽ ലോക് ഇടനാഴിയിലെ മഹാകാലേശ്വർ ക്ഷേത്രാങ്കണത്തിൽ പ്രതിഷ്ഠിച്ചിരുന്ന സപ്തര്‍ഷി വിഗ്രഹങ്ങളില്‍ ആറെണ്ണം ഞായറാഴ്ച കനത്ത കാറ്റിൽ നിലംപതിച്ചത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. 

കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് മഹാകൽ ലോക് ഇടനാഴിയുടെ ആദ്യഘട്ട നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 856 കോടി ചെലവിട്ട് നിർമിച്ച പദ്ധതിയാണ് മഹാകൽ ലോക്. ഇതിൽ ആദ്യ ഘട്ടത്തിന് മാത്രം 351 കോടി രൂപ ചെലവായിരുന്നു. 

മഹാകൽ ലോക് ഇടനാഴിയിൽ 160 വിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിൽ പത്ത് അടി ഉയരമുള്ള സപ്തര്‍ഷി വിഗ്രഹങ്ങളില്‍ ഒന്നൊഴികെ എല്ലാം തകർന്നുവീണു. പിന്നാലെ ക്ഷേത്രം അടച്ചു. സപ്തര്‍ഷി വിഗ്രഹങ്ങളുടെ നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും മോശം നിലവാരത്തിലുള്ള നിർമ്മാണവസ്തുക്കളാണ് ഉപയോഗിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാനായി കോണ്‍ഗ്രസ് അഞ്ച് എംഎല്‍എമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 

Eng­lish Summary;The Sap­tarshi idols, built at a cost of 856 crores, were destroyed by the wind

You may also like this video

Exit mobile version