വിനോദയാത്രക്കെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ബീഡി വലിക്കാന്‍ തീ തേടി ചെന്നത് എക്സൈസ് ഓഫീസില്‍. തൃശൂരിലെ സ്ക്കൂളില്‍ നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ കുട്ടികളാണ് കഞ്ചാവ് ബീഡി വലിക്കാന്‍ തീ അന്വേഷിച്ച് എക്സസൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിലെത്തി കുടുങ്ങിയത്.
പിന്‍വശത്തു കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഓഫീസിലെത്തിയത്. അതിനാല്‍ എക്‌സൈസ് ഓഫീസിന്റെ ബോര്‍ഡ് കുട്ടികള്‍ കണ്ടില്ല. മുറിയില്‍ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ടതോടെ തടിതപ്പാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കഞ്ചാവു ബീഡി കത്തിക്കാന്‍ തീ തേടിയെത്തിയതാണെന്ന് വ്യക്തമായത്. ഒരു കുട്ടിയുടെ പക്കല്‍ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കല്‍ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.
കേസില്‍ പിടിച്ച വാഹനങ്ങള്‍ ഓഫിസിന്റെ പിന്‍വശത്തു കിടക്കുന്നതുകണ്ട് വര്‍ക്ഷോപ്പാണെന്ന് കരുതിയാണ് കയറിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി എക്‌സൈസ്ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിനോദയാത്രാസംഘത്തില്‍ ഒപ്പമുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കു കൗണ്‍സലിങ്ങും നല്‍കി. മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എക്‌സൈസ് കേസുമെടുത്തിട്ടുണ്ട്.