വീട്ടിൽ നിന്നും ബന്ധുക്കളിൽനിന്നും ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുന്നു. ഇതിന്റെ ഭാഗമായി, സ്കൂളുകളുടെയും വിദ്യാർത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഒരു കണക്കെടുപ്പ് നടത്തും. കുട്ടികൾക്ക് സുരക്ഷിതമായി പരാതികൾ അറിയിക്കാൻ എല്ലാ സ്കൂളുകളിലും ‘ഹെല്പ് ബോക്സ്’ സ്ഥാപിക്കും. ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്റെ ചുമതല വഹിക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് റിപ്പോർട്ടുകൾ വിലയിരുത്തി വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണം. റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കേരളത്തില്‍ ചിലയിടങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. കുട്ടികള്‍ക്ക് അവരുടെ വിഷമം തുറന്നു പറയാന്‍ പറ്റുന്നില്ല. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും നാലാം ക്ലാസുകാരിക്ക് മര്‍ദനമേറ്റ സംഭവമുണ്ടായിരുന്നു. വിദ്യാര്‍ത്ഥിനിയെ നേരിൽക്കണ്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

