തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിനു നടക്കും. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലേക്കുള്ള പ്രവേശനം ഈ മാസം 27ന് ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരത്ത് നടക്കും. കോവിഡ് കാലത്ത് പുറത്തിറക്കിയ ‘തിരികെ സ്‌കൂളിലേക്ക്’ എന്ന മാർഗരേഖ പാലിച്ചാകും പ്രവേശനോത്സവമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2017–18 മുതൽ 2021–22 വരെയുള്ള അധ്യയന വർഷങ്ങളിലായി സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ 9,34,310 വിദ്യാർത്ഥികൾ പുതുതായി പ്രവേശനം നേടി. അക്കാദമിക മെച്ചപ്പെടലിനു മുൻതൂക്കം നൽകിയാണ് അടുത്ത അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചിരിക്കുന്നത്. അധ്യയന രീതിയിൽ കാലാനുസൃതമായ മാറ്റം വരുത്തും. കാലികമായ അറിവുകൾ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകാൻ അധ്യാപകരെ പര്യാപ്തരാക്കുംവിധം പ്രത്യേക പരിശീലന പരിപാടി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിക്കും. മെയ് രണ്ടാം ആഴ്ച മുതൽ അവസാനആഴ്ച വരെയാകും പരിശീലനം. ഇതിന്റെ മൊഡ്യൂൾ തയാറാക്കാൻ എസ്‌സിഇആർടിയുടെ റിസോഴ്സ് ഗ്രൂപ്പിലെ 150 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പിൽപ്പെട്ട തൊള്ളായിരത്തിലധികം അധ്യാപകർക്കു പരിശീലനം നൽകും. സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ ജില്ലകളിലെ 6,200 പേർക്കു പരിശീലനം നൽകും. തുടർന്ന് 58,000 ലോവർ പ്രൈമറി അധ്യാപകർക്കും നാൽപ്പതിനായിരത്തിലധികം അപ്പർ പ്രൈമറി അധ്യാപകർക്കും 44,000 ത്തിൽപ്പരം ഹൈസ്‌കൂൾ അധ്യാപകർക്കും പരിശീലനം നൽകും.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്കു പ്രത്യേകം പരിശീലനം നൽകും. അധ്യാപക പരിശീലനത്തിനുള്ള ക്രമീകരണങ്ങൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും. ഇതിനായുള്ള ഓൺലൈൻ ട്രെയിനിങ് മാനേജ്മെന്റ് സിസ്റ്റം കൈറ്റ് തയാറാക്കുന്നുണ്ട്. സ്‌കൂൾ യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് ആറിന് കോഴിക്കോട് നടക്കും. സ്‌കൂൾ അധികൃതർ, അധ്യാപക രക്ഷാകർതൃ സംഘടന, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവ ചേർന്ന് യൂണിഫോം സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കാം. വിവാദമാകുന്ന രീതിയിലുള്ളവ പാടില്ലെന്നും മന്ത്രി പറഞ്ഞു. ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിൽ പ്രത്യേക കർമപദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന്റെ തുടക്കമായി ഫയൽ അദാലത്ത് നടത്തും. സംസ്ഥാനതല ഉദ്ഘാടനം മെയ് ഒമ്പതിനു പരീക്ഷാ ഭവനിൽ നടക്കും. നിലവിലുള്ള ഗേൾസ്, ബോയ്സ് സ്‌കൂളുകൾ മിക്സഡ് സ്‌കൂളുകളാക്കി മാറ്റുന്നതിനെ സർക്കാർ പിന്തുണയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും സ്‌കൂളുകൾ മിക്സഡ് വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ ലഭിച്ചാൽ പരിഗണിക്കും. അധ്യാപക രക്ഷാകർതൃ സമിതി, സ്‌കൂൾ അധികൃതർ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ എന്നിവർ ആവശ്യപ്പെടുന്നപക്ഷം ഇത്തരം സ്‌കൂളുകൾ മാറ്റാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
English summary;The school will reopen on June 1 in the state
You may also like this video;