Site iconSite icon Janayugom Online

സ്ക്കൂളിലെ പ്രഥമാധ്യാപകനെ സ്ഥലം മാറ്റാന്‍ വാട്ടര്‍ ടാങ്കില്‍ വിഷയം കലര്‍ത്തി ;പിന്നില്‍ ശ്രീരാമസേന സംഘമെന്ന് പൊലീസ്

സ്ക്കൂളിലെ പ്രഥമാധ്യാപകനെ സ്ഥലം മാറ്റാന്‍ വാട്ടര്‍ ടാങ്കില്‍ വിഷം കല്‍ത്തി ഒരു സംഘം. വടക്കന്‍ കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ ജൂലൈ 14നാണ് സംഭവം. മൂന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൂളിക്കാട്ടി ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ പ്രഥമാധ്യാപകനായ സുലൈമാന്‍ ഗോരിനായിക്കിനെ സ്ഥലം മാറ്റാനാണ് ഇവര്‍ ഇങ്ങനെ ചെയ്തത്. 13 വര്‍ഷമായി ഇദ്ദേഹം ഇവിടുത്തെ അധ്യാപകനാണ്. 

അദ്ദേഹത്തിന്റെ പേരിന് കളങ്കം വരുത്തിയാല്‍ സ്ഥലം മാറ്റല്‍ നടപടി എളുപ്പമാകുമെന്നാണ് പ്രതികള്‍ കരുതിയത്. ടാങ്കില്‍ വിഷം കലര്‍ത്തിയത് ശ്രീരാമസേന സംഘമാണെന്ന് പൊലീസ് പറയുന്നു.വിഷം കലർന്ന വെള്ളം കുടിച്ച 12 വിദ്യാര്‍ഥികൾക്ക്‌ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി.ആരുടെയും നിലഗുരുതരമായില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാർത്ഥികൾ ആശുപത്രി വിട്ടു. വിഷം കലര്‍ത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിൽ എടുത്തിരുന്നു. 

വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളിലേക്കെത്തുന്നത്. പുറത്തുനിന്നൊരാള്‍ തനിക്ക് ഒരു കുപ്പി ദ്രാവകം കൈമാറിയെന്നും അയാളുടെ നിര്‍ദ്ദേശപ്രകാരം ടാങ്കിലെ വെള്ളത്തില്‍ കലര്‍ത്തിയതെന്നും വിദ്യാര്‍ഥി മൊഴി നല്‍കി. തുടര്‍ന്നാണ് പ്രതികളിലൊരാളായ കൃഷ്ണ മഡാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കൃഷ്ണ മഡാറിനെ ചോദ്യം ചെയ്തപ്പോള്‍ സാഗര്‍ പാട്ടില്‍, നഗനഗൗഡ പാട്ടില്‍ എന്നിവരുടെ നിര്‍ബന്ധപ്രകാരമാണ് താന്‍ ഇത്‌ ചെയ്തതെന്ന് വെളിപ്പെടുത്തി. മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും വിഷം കലര്‍ത്താന്‍ സഹായിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ അറിയിച്ച് പ്രശ്‌നമുണ്ടാക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി കൃഷ്ണ മഡാര്‍ പറഞ്ഞു. പ്രതികളുടെ ഭീഷണിക്ക്‌ ഇയാള്‍ വഴങ്ങുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്‌ ശ്രീരാമസേനയുടെ താലൂക്ക് അധ്യക്ഷന്‍ സാഗര്‍ പാട്ടിലിനെയും അറസ്റ്റ് ചെയ്തു. വിദ്വേഷവും വര്‍ഗീതയും പടര്‍ത്താനുള്ള ശ്രമമാണ് പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അതിനെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. 

Exit mobile version