Site iconSite icon Janayugom Online

അമൃത്പാലിനായി തിരച്ചില്‍ തുടരുന്നു

amrit palamrit pal

അമൃത്പാല്‍ സിങ്ങിനുവേണ്ടി പഞ്ചാബ് പൊലീസ് തിരച്ചില്‍ തുടരുന്നു. അമൃത്പാലിന്റെ അമ്മാവനും ഡ്രൈവറും പഞ്ചാബ് പൊലീസിനു മുമ്പാകെ കീഴടങ്ങി. ഇതുവരെ 114 പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ ഷാഹ്കോട്ടിലാണ് അമൃത്പാലിന്റെ അമ്മാവന്‍ ഹര്‍ജിത് സിങ്, ഡ്രൈവര്‍ ഹര്‍പ്രീത് സിങ് എന്നിവര്‍ കീഴടങ്ങിയത്. മെഹത്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ ഉപയോഗിച്ച മെഴ്സിഡസ് കാറും പൊലീസ് കണ്ടെത്തി. ഇത് ഒരു മയക്കുമരുന്ന് സംഘത്തലവന്റേതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അമൃത്പാലിനെ പൊലീസ് പിന്തുടര്‍ന്നപ്പോള്‍ വാഹനമോടിച്ചത് ഹർപ്രീത് സിങ്ങായിരുന്നു. 

സംസ്ഥാനത്ത് ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങളുടെ വിലക്ക് തുടരും. പ്രതിഷേധങ്ങൾ തടയാൻ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പൊലീസ് റൂട്ട് മാര്‍ച്ചും പരിശോധനകളും ഇന്നലെയും നടത്തി.
അമൃത്പാലിന്റെ അനുയായിയായ ലവ്പ്രീത് തൂഫാനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പഞ്ചാബിലെ അമൃത്‌സറിൽ വൻ സംഘർഷമുണ്ടായത്. അമൃത്പാൽ സിങ്ങും അനുയായികളും പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് ആയുധങ്ങളുമായി അജ്‌നാല പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയിരുന്നു. അമൃത് പാലിനെ നിശിതമായി വിമർശിച്ച് വന്നിരുന്ന വരീന്ദർ സിങ്ങിനെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചാണ് ലവ്പ്രീതിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

സംഘര്‍ഷത്തിനൊടുവില്‍ ലവ്പ്രീതിനെ പൊലീസ് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഭീഷണി പ്രസ്താവനകള്‍ തുടര്‍ന്ന അമൃത്പാലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുകയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അമൃത്പാലിനെ കണ്ടെത്താനായിട്ടില്ല.
അതേസമയം അമൃത്പാല്‍ കസ്റ്റഡിയിലാണെന്നും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലാനാണ് പൊലീസ് പദ്ധതിയെന്നും വാരിസ് പഞ്ചാബ് ദേ നിയമോപദേശകന്‍ ഇമാന്‍ സിങ് ഖാര ആരോപിച്ചു. ഹേബിയസ് കോർപ്പസ് ഹർജിയിൽ മറുപടി നൽകണമെന്ന് പഞ്ചാബ് — ഹരിയാന ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത്പാലിനെ കൊലപ്പെടുത്താനാണ് നീക്കമെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു.

Eng­lish Sum­ma­ry: The search con­tin­ues for Amritpal

You may also like this video

Exit mobile version